കോൺഗ്രസ് തെരഞ്ഞെടുപ്പ് ചേരിതിരിവിലേക്ക്; തരൂർ അടക്കം തിരുത്തൽ പക്ഷത്തെ ഒതുക്കാൻ ഔദ്യോഗിക പക്ഷം
text_fieldsന്യൂഡൽഹി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്ത്. രാഹുൽ ഗാന്ധിയോ നെഹ്റുകുടുംബം നിർദേശിക്കുന്ന മറ്റൊരാളോ അധ്യക്ഷനാകണമെന്ന് താൽപര്യപ്പെടുന്ന ഔദ്യോഗികപക്ഷത്തിനൊപ്പം നിൽക്കുന്നവർ ഒരു വശത്ത്.
പാർട്ടിയിൽ സമഗ്രമായ പൊളിച്ചെഴുത്തും സുതാര്യമായ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട തിരുത്തൽ പക്ഷത്തോട് അനുഭാവം കാട്ടുന്നവർ മറുവശത്ത്. ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ മേധാവിത്വമുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിൽ തിരുത്തൽപക്ഷക്കാരുടെ ഭാവി ചോദ്യചിഹ്നമായി.
ഇക്കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള ലോക്സഭാംഗം ശശി തരൂർ എം.പിയും ഉൾപ്പെടുന്നു. ഹൈകമാൻഡിന്‍റെ വിശ്വസ്തനെന്ന നിലയിൽ ശശി തരൂരിനെയും തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ തുടർച്ചയായ സ്ഥാനാർഥിത്വവും അംഗീകരിച്ച് മുന്നോട്ടുപോകാൻ നിർബന്ധിതരായ കേരളത്തിലെ നേതൃനിര പുതിയൊരു പടപ്പുറപ്പാടിലാണ്.
വേണ്ടിവന്നാൽ മത്സരിക്കാനൊരുങ്ങി സുതാര്യമായ വോട്ടർപട്ടിക വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതിയത് ശശി തരൂരിന്‍റെ വിമത പ്രവർത്തനത്തിന് വ്യക്തമായ തെളിവായി.
സംസ്ഥാനത്തെ കോൺഗ്രസിന്‍റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് തരൂർ പ്രവർത്തിക്കുന്നതെന്ന ആരോപണം പലവട്ടം ഉയർന്നപ്പോഴും ഹൈകമാൻഡിന് വേണ്ടപ്പെട്ടയാളെന്ന പരിഗണനയാണ് ഇതുവരെ ലഭിച്ചുപോന്നത്. ആ സ്ഥിതിയാണ് മാറുന്നത്.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തരൂരിന് വീണ്ടും പാർട്ടി ടിക്കറ്റ് നൽകുമോ, അതല്ലെങ്കിൽ അദ്ദേഹത്തിന്‍റെ അടുത്ത നീക്കം എന്ത് തുടങ്ങി പല വിഷയങ്ങളാണ് ഇതിനൊപ്പം ഉയർന്നു വരുന്നത്.
പാർട്ടിയുടെ ഇന്നത്തെ പോക്കിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും ദുഃഖിതരാണെങ്കിലും നെഹ്റു കുടുംബത്തിനൊപ്പമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം നേതാക്കൾ. ജി23 സംഘത്തിൽ അംഗമായി സോണിയക്ക് കത്തെഴുതിയ ശശി തരൂരിനെയോ പി.ജെ. കുര്യനെയോ പിന്താങ്ങുന്നവർ അധികമില്ല.
തെരഞ്ഞെടുപ്പ് എങ്ങനെ കലാശിക്കുമെന്ന ബോധ്യമാണ് കാരണം. ശശി തരൂരിനോട് തുടക്ക ഘട്ടത്തിൽ ഉണ്ടായിരുന്ന നിസ്സഹകരണം ശക്തിപ്പെടാനും ഒതുക്കാനും പുതിയ സാഹചര്യങ്ങൾ ഇടയാക്കിയേക്കും. ഗുലാം നബി പാർട്ടി വിട്ടതിനും കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനും ശേഷം നിരവധി സംസ്ഥാനങ്ങളിൽ ചേരിതിരിവ് ശക്തമാവുന്നുണ്ട്.
മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് തിരുത്തൽ പക്ഷത്ത്. അദ്ദേഹത്തോട് കൊമ്പുകോർത്താണ് പി.സി.സി അധ്യക്ഷൻ നാനാ പട്ടോലെയുടെ നിൽപ്. മറ്റൊരു മുൻ മുഖ്യമന്ത്രി അശോക് ചവാനാവട്ടെ, ബി.ജെ.പി പക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണത്തിന് മുന്നിലാണ്.
ഹരിയാനയിൽ തിരുത്തൽപക്ഷക്കാരനായ മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡ പാർട്ടി വിട്ട ഗുലാം നബിയെ ചെന്നു കണ്ടതിനെതിരെ നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തയായ പി.സി.സി മുൻ പ്രസിഡന്‍റ് കുമാരി ഷെൽജ നേതൃത്വത്തിന് കത്തെഴുതിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള ലോക്സഭാംഗം കാർത്തി ചിദംബരം തിരുത്തൽപക്ഷത്തിനുവേണ്ടി സംസാരിച്ചതോടെ പി. ചിദംബരത്തിനും മകനും സംസ്ഥാനത്ത് തിരുത്തൽ സംഘമായി. അമരീന്ദർസിങ് പാർട്ടി വിടുകയും കോൺഗ്രസ് ക്ഷീണിക്കുകയും ചെയ്ത പഞ്ചാബിൽ മനീഷ് തിവാരിയും തിരുത്തൽ പക്ഷത്താണ്.
ഗുലാം നബിയുടെ പോക്ക് ജമ്മു-കശ്മീരിലും ആനന്ദ് ശർമയുടെ നിലപാട് ഹിമാചൽ പ്രദേശിലും പാർട്ടിയെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന് തരൂരിനൊപ്പം അസമിൽ നിന്നുള്ള പ്രദ്യുത് ബോർദലോയ് എം.പിയും മിസ്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. അസമിലെ ചേരിതിരിവിന്‍റെ പ്രതിഫലനമാണിത്.
രാഹുൽ അല്ലെങ്കിൽ അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്‍റാക്കണമെന്ന് നെഹ്റു കുടുംബം താൽപര്യപ്പെടുന്നുണ്ടെങ്കിലും, ഗെഹ്ലോട്ടിന് സംസ്ഥാനം വിടാൻ താൽപര്യമില്ല. ഊഴം കാക്കുന്ന സചിൻ പൈലറ്റിന് മുഖ്യമന്ത്രിപദം കിട്ടിയാൽ പിന്നെ, സംസ്ഥാനത്ത് തന്‍റെ പിടി കൈവിടുമെന്ന് മുൻകൂട്ടി കാണുകയാണ് ഗെഹ്ലോട്ട്.
ഇതടക്കമുള്ള ഭിന്നതയുടെ സാഹചര്യങ്ങൾക്കിടയിൽ, പദവി ഏറ്റെടുക്കണമെന്നും മത്സരം ഒഴിവാക്കണമെന്നും വിദേശത്തു നിന്ന് തിരിച്ചെത്തിയ രാഹുലിനെ നിർബന്ധിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഔദ്യോഗികപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.