കോൺഗ്രസ് തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുന്നു- മോദി
text_fieldsബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണെന്ന് മോദി ആരോപിച്ചു.
''കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. കോൺഗ്രസ് ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നു. പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്നു''- ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നവരാണ് കർണാടകയുടെ ഭാവി തീരുമാനിക്കുന്നത്. വോട്ട് ചെയ്യാൻ പോകുന്ന യുവതലമുറ ചിന്തിക്കണം. നിങ്ങൾക്ക് മികച്ച കരിയർ നൽകാൻ, നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട ജോലി നൽകാനൊന്നും കോൺഗ്രസിന് കഴിയില്ല. ബി.ജെ.പി കർണാടകയെ നമ്പർ വൺ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു.
കർണാടകയെ രാജ്യത്തെ നമ്പർ വൺ ആക്കുക, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ബി.ജെ.പിയുടെ വാഗ്ദാനം. മറുവശത്ത് കോൺഗ്രസ് "വിരമിക്കലിന്‍റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്നും മോദി ആരോപിച്ചു. മെയ് 10നാണ് കർണാടകയിൽ വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.