ബിഹാർ മഹാസഖ്യത്തിൽനിന്ന് പിന്മാറി കോൺഗ്രസ്; തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കും
text_fieldsപട്ന: ബിഹാറിലെ മഹാസഖ്യത്തിൽനിന്ന് പിന്മാറി കോൺഗ്രസ്. സി.പി.ഐ യുവനേതാവായിരുന്ന കനയ്യ കുമാർ, ജിഗ്നേഷ് മേവാനി, ഹർദിക് പേട്ടൽ എന്നിവർ കോൺഗ്രസിന്‍റെ ഭാഗമായതിന് പിന്നാലയാണ് തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം.
വെള്ളിയാഴ്ച ആർ.ജെ.ഡിയും ഇടതുപക്ഷ പാർട്ടികളും ഭാഗമായ സഖ്യം വിടുന്നതായി കോൺഗ്രസ് അറിയിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഹർദിക് പേട്ടലും താരപ്രചാരകരായി എത്തിയതോടെയാണ് ബിഹാർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വഴിത്തിരിവിന് ഇടയായത്. കനയ്യയെ കോൺഗ്രസിലെടുക്കാനുള്ള തീരുമാനത്തിൽ സഖ്യകക്ഷിയായ ആർ.ജെ.ഡി എതിർപ്പ് രേഖപ്പെടുത്തിരുന്നു. കനയ്യ കോൺഗ്രസിലെത്തിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുറത്താകുകയായിരുന്നു.
കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച കുശേശ്വർ അസ്താൻ സീറ്റ് ആർ.ജെ.ഡി ഏറ്റെടുത്തിരുന്നു. ഒക്ടോബർ 30നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ആർ.ജെ.ഡി സ്ഥാനാർഥികൾക്ക് സഖ്യത്തിലെ മറ്റു പാർട്ടികൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ആർ.ജെ.ഡി മുന്നണി മര്യാദ പാലിച്ചില്ലെന്ന ആരോപണം ഉയർത്തി കോൺഗ്രസ് രണ്ടു സീറ്റുകളിലും സ്ഥാനാർഥിയെ നിർത്തി.
'രണ്ടു മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുമെന്ന പാഠം നൽകി. വളരെക്കാലം മറ്റൊരു പാർട്ടിയുടെ ഉൗന്നുവടിയായി നിൽക്കുന്നതിൽ കാര്യമില്ല' -എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ താരിഖ് അൻവർ പറഞ്ഞു.
'കുശേശ്വർ അസ്താനിലെയും താരാപൂരിലെയും നിയമസഭ സീറ്റുകളിലെ വിജയം ഉറപ്പിക്കാൻ കനയ്യ കുമാറിനെ പോലെ കോൺഗ്രസിലെ നിരവധി നേതാക്കൾ പൂർണ സജ്ജരാണ്. ആർ.ജെ.ഡിയുമായി ഒരു സൗഹൃദ മത്സരത്തിന് ഞങ്ങളില്ല. ജനങ്ങളുടെ വലിയ പിന്തുണയോടെ ജയിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ മത്സരം' -ബിഹാർ പ്രദേശ് കോൺഗ്രസ് പാർട്ടി സംസ്ഥാന നേതാവ് ഭഗത് ചരൺ ദാസ് പറഞ്ഞു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ നേരിടാനാണ് കോൺഗ്രസ് പാർട്ടിയുടെ തയാറെടുപ്പ്. മഹത്തായ രാഷ്ട്രീയ പാർട്ടിയായതിനാൽ രാജ്യത്തെയും സംസ്ഥാനത്തെ രക്ഷിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം -ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.