കെ.ജി.എഫ് ബാബുവിനെ കോൺഗ്രസ് പുറത്താക്കി
text_fieldsബംഗളൂരു: കർണാടകയിലെ പ്രധാന ബിസിനസുകാരൻ കെ.ജി.എഫ് ബാബു എന്ന യൂസുഫ് ശരീഫിനെ കോൺഗ്രസ് പുറത്താക്കി. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 80 സീറ്റിൽ അധികം നേടില്ലെന്ന് യൂസുഫ് പറഞ്ഞതിനെ തുടർന്നാണ് നടപടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് പുറത്താക്കലെന്ന് കർണാടക കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ കെ. റഹ്മാൻ ഖാൻ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ചിക്ക്പേട്ട് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ യൂസുഫ് ശ്രമിക്കുന്നതായി സൂചനകളുണ്ട്. യൂസുഫ് ശരീഫ് എന്ന കെ.ജി.എഫ് ബാബു കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവല്ലെങ്കിലും വൻ വ്യവസായിയായതിനാൽ എല്ലാവർക്കും പ്രിയങ്കരനാണ്. താൻ താമസിക്കുന്ന ചിക്പേട്ടിനായി കോടികളുടെ പദ്ധതിയാണ് അദ്ദേഹം സ്വന്തം നിലക്ക് നടത്തുന്നത്.
തന്‍റെ സമ്പാദ്യത്തിൽനിന്ന് ചിക്പേട്ട് നിയമസഭ മണ്ഡലത്തിലെ ജനങ്ങൾക്കായി 350 കോടി നൽകാൻ തയാറാണെന്ന് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. 5000 രൂപ വീതം മണ്ഡലത്തിലെ എല്ലാ വീടുകളിലും നൽകുന്നതടക്കം 2022 മുതൽ 2027 വരെയുള്ള അഞ്ചു വർഷം നടത്താനിരിക്കുന്ന വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതികളുടെ പത്രികയും പുറത്തിറക്കിയിരുന്നു.
എം.എൽ.സി തെരഞ്ഞെടുപ്പിൽ ബംഗളൂരു അർബൻ സീറ്റിൽ സ്ഥാനാർഥിയായിരുന്ന അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1743 കോടിയുടെ സ്വത്തുവിവരം രേഖപ്പെടുത്തിയതോടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. 1200 കോടി സ്വത്തുണ്ടായിരുന്ന കർണാടക മന്ത്രി എം.ടി.ബി. നാഗരാജിനെ പിന്തള്ളി യൂസുഫ് ശരീഫ് കർണാടകയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനായി മാറി. എന്നാൽ, 397 വോട്ടിന് എം.എൽ.സി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
കോലാറിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെ.ജി.എഫ്) നിന്നുള്ളയാളാണ് ഇദ്ദേഹമെന്നതിനാലാണ് കെ.ജി.എഫ് ബാബു എന്ന പേര് വന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിനു മുമ്പ് സ്ക്രാപ് കച്ചവടക്കാരനായിരുന്നു. ഇതിനാൽ ‘സ്ക്രാപ് ബാബു’ എന്ന പേരും കിട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.