മോഹങ്ങൾ ക്ലീൻബൗൾഡായേക്കും; തെലങ്കാന തെരഞ്ഞെടുപ്പിൽ അസ്ഹറുദ്ദീന് സീറ്റ് കിട്ടാനിടയില്ല
text_fieldsഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരരംഗത്തിറക്കില്ല. അസ്ഹർ നോട്ടമിട്ട ജൂബിലി ഹിൽസ് മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവ് പി. ജനാർദന റെഡ്ഡിയുടെ മകൻ പി. വിഷ്ണുവർധൻ റെഡ്ഡിയാകും സ്ഥാനാർഥിയാവുകയെന്നാണ് സൂചന.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ (എച്ച്.സി.എ) വിവാദങ്ങളെ തുടർന്ന് അസ്ഹറിനെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചത്. 2014ലും 2018ലും ജൂബിലി ഹിൽസ് സീറ്റിൽ മത്സരിച്ചുതോറ്റ വിഷ്ണുവർധൻ റെഡ്ഡിയെ വീണ്ടും പരിഗണിക്കുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ജൂബിലി ഹിൽസ് മണ്ഡലത്തിൽനിന്ന് മൂന്നാം തവണയും ഭാഗ്യം പരീക്ഷിക്കാനുള്ള ഉറപ്പ് റെഡ്ഡിക്ക് നേതാക്കൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് സീറ്റിൽ മത്സരിക്കാനുള്ള താൽപര്യം അസ്ഹറുദ്ദീൻ പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ അസ്ഹർ, അഭ്യുദയകാംക്ഷികളുടെ രഹസ്യ യോഗവും ഈ ലക്ഷ്യം മുൻനിർത്തി വിളിച്ചിരുന്നു. മുസ്‍ലിം വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിൽ അസ്ഹറിനു പുറമെ മറ്റു ചില മുസ്‍ലിം നേതാക്കന്മാരും സീറ്റ് മോഹികളായുണ്ട്.
2007ൽ എം.എൽ.എയായിരുന്ന പിതാവ് മരണപ്പെട്ടതിനെ തുടർന്നാണ് വിഷ്ണുവർധൻ റെഡ്ഡിക്ക് സീറ്റ് ലഭിച്ചത്. ജൂബിലി ഹിൽസ് ഉൾപെടുന്ന ഖൈറത്താബാദ് മണ്ഡലമായിരുന്നു അന്ന്. പുനർനിർണയത്തിൽ ജൂബിലി ഹിൽസ് ആയി മാറിയ മണ്ഡലത്തിലും വിഷ്ണുവർധൻ റെഡ്ഡി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ, പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും പക്ഷേ, തോൽവിയായിരുന്നു ഫലം.
മുൻ തെലുഗുദേശം പാർട്ടി നേതാവായ മഗന്തി ഗോപിനാഥാണ് ജൂബിലി ഹിൽസിലെ നിലവിലെ എം.എൽ.എ. സംസ്ഥാന വിഭജനത്തിനുശേഷം ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) യിലേക്ക് കൂടുമാറുകയായിരുന്നു ഗോപിനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.