യു.പി: കോൺഗ്രസ് പുതുമുഖസമൃദ്ധം സ്ഥാനാർഥികളിൽ, 70 ശതമാനവും പുതുമുഖങ്ങൾ
text_fieldsലഖ്നോ: സ്ഥാനാർഥികളിൽ 40 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കിയതിനൊപ്പം, 70 ശതമാനവും പുതുമുഖങ്ങളെ അണിനിരത്തി യു.പിയിൽ കോൺഗ്രസ് പരീക്ഷണം. വർഷങ്ങളായി യു.പിയുടെ ചിത്രത്തിലില്ലാത്ത കോൺഗ്രസിന് വരും വർഷങ്ങളിൽ നേതൃദാരിദ്ര്യവും അണികളില്ലായ്മയും ഒരു പരിധിവരെ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന 403 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ് 166 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ 119 പേർ കന്നിയങ്കക്കാരാണ്.
യു.പിയിൽ പ്രിയങ്ക മുന്നിൽനിന്ന് നയിക്കുക മാത്രമല്ല, വനിതകളെയും യുവാക്കളെയും കർഷകരെയും പിന്നാക്കക്കാരെയും മുൻനിരയിലെത്തിക്കാനുള്ള ശ്രമത്തിലുമാണെന്ന് പാർട്ടി വക്താവ് അൻഷു അവസ്തി പറഞ്ഞു. ജാതി മത രാഷ്ട്രീയം കൊടികുത്തി വാഴുന്ന യു.പിയിൽ മാറ്റത്തിന്റെ പുതിയ കാറ്റ് വീശാനാണ് പ്രിയങ്കയുടെയും കോൺഗ്രസിന്റെയും ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 125 സ്ഥാനാർഥികളിൽ 26 പേർ 35 വയസ്സുള്ളവരാണ്. യുവനിരയെ അണിനിരത്തിയുള്ള തെരഞ്ഞെടുപ്പിനാണ് കോൺഗ്രസ് ശ്രമം. ഉത്തർപ്രദേശിലെ പാർട്ടിയുടെ മുഖം താനാണെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2017ൽ കേവലം ഏഴുസീറ്റിലാണ് കോൺഗ്രസിന് വിജയിക്കാനായത്. അതിൽതന്നെ രണ്ടുപേർ ബി.ജെ.പി പാളയത്തിലെത്തി.
യു.പിയിൽ ജെ.ഡി.യു തനിച്ച്
ബി.ജെ.പി ഇപ്പോൾ വിളിക്കുമെന്ന് കരുതി കാത്തിരുന്ന് മടുത്തതിനെത്തുടർന്ന് ഉത്തർപ്രദേശിൽ തനിച്ച് മത്സരിക്കാനൊരുങ്ങി ജനതദൾ യുനൈറ്റഡ്(ജെ.ഡി.യു). 26 സീറ്റിലാണ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അത് 51 സീറ്റിലേക്ക് ഉയർത്തുമെന്ന് പാർട്ടി അധ്യക്ഷൻ ലാലൻ സിങ് ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബിഹാറിൽ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയാണ് ബി.ജെ.പി. ആ വഴിക്ക് യു.പിയിലും കൂട്ടുകെട്ടുണ്ടാക്കാമെന്ന് പാർട്ടി കരുതിയെങ്കിലും അപ്ന ദൾ, നിഷാദ് പാർട്ടി എന്നിവരുമായി മാത്രമാണ് ബി.ജെ.പി യു.പിയിൽ കൈകോർത്തത്.
ജെ.ഡി.യുവിന്റെ ഏക പ്രതിനിധിയായി കേന്ദ്രമന്ത്രിസഭയിലുള്ള ആർ.സി.പി സിങ് വഴിയാണ് യു.പിയിൽ സഖ്യത്തിനുള്ള ശ്രമം തുടരുന്നതെങ്കിലും പ്രതീക്ഷ കൈവിട്ട നിലയിലാണ് പാർട്ടി. സിങ് കേന്ദ്രമന്ത്രിയായതിനെ തുടർന്നാണ് ലാലൻ സിങ് പാർട്ടി അധ്യക്ഷനായത്.
അതേസമയം, യു.പിയിൽ തനിച്ച് മത്സരിക്കാനുള്ള തീരുമാനം ബിഹാറിലെ ബി.ജെ.പി സഖ്യത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ലാലൻ സിങ് വ്യക്തമാക്കി. ബി.ജെ.പിയുമായി കൂട്ടുകൂടാതെ പല സംസ്ഥാനങ്ങളിലും പാർട്ടി തനിച്ച് മത്സരിക്കാറുണ്ട്. കഴിഞ്ഞ അരുണാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ഒറ്റക്ക്മത്സരിച്ച് ജയിച്ചു. ഈ ഏഴിൽ ആറുപേരെയും പിന്നീട് ബി.ജെ.പി റാഞ്ചിയെന്നും ലാലൻ സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.