പ്രചാരണ റാലിയിൽ ഹനുമാൻ പരാമർശം; മോദിക്കെതിരേ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി കോൺഗ്രസ്
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഹിന്ദു ദൈവമായ ഹനുമാന്റെ പേര് ഉപയോഗിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കർണാടക ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകി. മതത്തിന്റെ പേരിൽ വോട്ട് തേടുന്നത് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിരവധിതവണ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
ഹനുമാനെ ബജ്‌റംഗ്ദളുമായി താരതമ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായി ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഭാരതീയ ജനതാ പാർട്ടി ഈ വാഗ്ദാനത്തെ എതിർക്കുകയാണ്. കോൺഗ്രസിന്റെ വാഗ്ദാനത്തിന്റെ അർഥം ഹനുമാനെ ‘പൂട്ടാൻ’ പാർട്ടി ആഗ്രഹിക്കുന്നു എന്നാണ് മോദി റാലികളിൽ പറഞ്ഞത്. ‘ദയവായി നിങ്ങളുടെ വോട്ട് രേഖപ്പെടുത്തൂ, നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോൾ 'ജയ് ബജ്റംഗ് ബാലി' എന്ന് വിളിക്കാൻ മറക്കരുത്’എന്നും മോദി പറഞ്ഞിരുന്നു.
വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ഗുണ്ടകളായ ബജ്‌റംഗ്ദളിനെ ഹനുമാനുമായി താരതമ്യം ചെയ്ത മോദി, കോടിക്കണക്കിന് ഹനുമാൻ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് കോൺഗ്രസ് പറയുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം ലംഘിച്ച് ഹിന്ദു ദൈവങ്ങളുടെ പേരുകൾ പറയുന്നതിൽ നിന്ന് മോദിയെ തടയാനും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അന്തരിച്ച മനോഹർ പരീക്കർ ശ്രീരാമസേനയെ നിരോധിച്ചത് ഹിന്ദു ദൈവമായ രാമനോടുള്ള അവഹേളനമാണോ എന്നും കോൺഗ്രസ് ചോദിക്കുന്നു. പ്രധാനമന്ത്രി പൊതുയോഗങ്ങളിൽ കോൺഗ്രസ് പാർട്ടിയെ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.