രാഹുലിനെതിരെ ബി.ജെ.പി വിഡിയോ: നിയമനടപടിയുമായി കോൺഗ്രസ്; ‘എത്ര ഉന്നതനായാലും നേരിടും’
text_fieldsബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കരുവാക്കി ബിജെപി ഐ.ടി സെൽ നിർമിച്ച വ്യാജ ത്രിഡി വിഡിയോക്കെതിരെ നിയമനടപടിയുമായി കോൺഗ്രസ്. ബി.ജെ.പി ഐ.ടി സെൽ ഇൻചാർജ് അമിത് മാളവ്യ പങ്കുവെച്ച വിഡിയോ സമൂഹത്തിൽ വിദ്വേഷം വളർത്തുന്നത് ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയും കോൺഗ്രസ് വക്താവ് രമേഷ് ബാബുവും തിങ്കളാഴ്ച ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസിൽ പരാതി നൽകി.
ജൂൺ 17ന് മാളവ്യ ട്വിറ്ററിലൂടെ പ്രചരിപ്പിച്ച വിഡിയോ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും ബിജെപി ചണ്ഡീഗഢ് സംസ്ഥാന അധ്യക്ഷൻ അരുൺ സൂദും അടക്കമുള്ളവർ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സൽപ്പേരിന് കളങ്കം വരുത്തുക മാത്രമല്ല, വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയും പാർട്ടിയെയും നേതാക്കളെയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ് വിഡിയോയുടെ ലക്ഷ്യമെന്ന് പരാതിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗം വളച്ചൊടിച്ച് വിഡിയോയിൽ ചേർത്തിട്ടുണ്ട്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ വിദ്വേഷം സൃഷ്ടിച്ച് സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്ന് ഇവർ ആരോപിച്ചു.
ബി.ജെ.പി ഐ.ടി സെൽ അകപ്പെട്ട നിരാശയുടെയും സത്യസന്ധതയില്ലായ്മയുടെയും ആഴം വ്യക്തമാക്കുന്നതാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ‘ഈ കള്ളപ്രചരണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കുമെതിരെ ക്രിമിനൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. നിയമപരമായി ഏതറ്റം വരെയും പോകാനാണ് തീരുമാനം. അവർ എത്ര ഉന്നതരും ശക്തരും ആണെന്ന് കരുതിയാലും, അവർ പറയുന്ന നുണകൾക്ക് അവർ ഉത്തരവാദികളാണെന്ന് ഞങ്ങൾ ഉറപ്പാക്കും’ -ജയ്റാം രമേശ് ട്വീറ്റിൽ വ്യക്തമാക്കി.
അതിനിടെ, കോവിഡ് വാക്സിനേഷൻ എടുക്കരുതെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തുവെന്ന അമിത് ഷായുടെ പ്രസംഗം വിവാദമായി. ‘കോവിഡ് വാക്സിനെടുക്കരുതെന്ന് രാഹുൽ ആഹ്വാനം ചെയ്തു. എന്നാൽ ജനം അത് ചെവിക്കൊണ്ടില്ല. അവരെല്ലാം വാക്സിനെടുത്തു. രാത്രി ഇരുട്ടത്ത് രാഹുലും പോയി വാക്സിനെടുത്തു’ -എന്നായിരുന്നു അമിത്ഷായുടെ ഇന്നലത്തെ പ്രസംഗം. എന്നാൽ ഇത് നുണയാണെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് സുജാത പോൾ രംഗത്തുവന്നു. ‘എന്തൊരു വിഡ്ഡിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി. മണിപ്പൂർ ഇനിയും ദുരിതങ്ങളിൽ നിന്ന് കരകയറിയിട്ടില്ല. വെറുപ്പിന്റെ അഗ്നിയിൽ രാജ്യം ഇപ്പോഴും നീറിപ്പുകയുകയാണ്. കോവിഡ് കാലത്ത് രാഹുൽഗാന്ധി ആവശ്യപ്പെട്ടത് എത്രയും വേഗം എല്ലാവർക്കും വാക്സിൻ നൽകാനാണ്. അറിവുകെട്ടവൻ മാത്രമല്ല നുണയനുംകൂടിയാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി’-സുജാത പോൾ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.