ബിഹാറിൽ മഹാസഖ്യത്തിന് അധികാരം നഷ്ടപ്പെട്ടതിന് പ്രധാന കാരണം കോൺഗ്രസെന്ന് വിമർശനം
text_fieldsന്യൂഡൽഹി: ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ബിഹാറിലെ കോൺഗ്രസിെൻറ ദുർബലമായ പ്രകടനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്. കപ്പിനും ചുണ്ടിനും ഇടയിലെന്നപോലെ മഹാസഖ്യത്തിന് അധികാരം നഷ്ടപ്പെട്ടതിന് പ്രധാന കാരണം കോൺഗ്രസാണെന്ന വിമർശനം പാർട്ടിക്കു പുറത്തെന്നപോലെ അകത്തും ശക്തം.
മഹാസഖ്യത്തിൽനിന്ന് പിടിച്ചുവാങ്ങിയ 70 സീറ്റിൽ ജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്താൻപോലും കോൺഗ്രസിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണ മത്സരിച്ച 40ൽ 27 സീറ്റിൽ ജയിക്കാൻ കഴിഞ്ഞെങ്കിൽ ഇക്കുറി കിട്ടിയത് 19 മാത്രം. 51 സീറ്റിൽ തോറ്റു. മഹാസഖ്യത്തിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡി മത്സരിച്ചതിൽ പകുതിയിലേറെ സീറ്റിൽ ജയിച്ചു. സഖ്യകക്ഷികളായ ഇടതും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേവല ഭൂരിപക്ഷത്തിന് 12 സീറ്റിെൻറ മാത്രം കുറവാണ് മഹാസഖ്യത്തിന് ഉണ്ടായത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു സംഭവിച്ച പലവിധ വീഴ്ചകൾ ഈ സാഹചര്യത്തിൽ ചർച്ചചെയ്യപ്പെടുകയാണ്.
ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണത്തെ നയിച്ചത് രാഹുൽ ഗാന്ധിയാണ്. പ്രധാനമന്ത്രി എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും നരേന്ദ്ര മോദി പങ്കെടുത്ത അത്ര പ്രചാരണ യോഗങ്ങളിൽപോലും രാഹുൽ എത്തിയില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബിഹാറിലേക്ക് എത്തിനോക്കിയതുപോലുമില്ല. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ബിഹാറിലേക്ക് വിഡിയോ സന്ദേശം അയക്കുകയാണ് ചെയ്തത്.
ബിഹാറിലെ പല സ്ഥാനാർഥികളെയും ഡൽഹിയിൽ നിന്ന് കെട്ടിയിറക്കുകയാണ് ചെയ്തത്. പ്രചാരണ നിയന്ത്രണത്തിനും ഡൽഹിയിൽനിന്ന് ആളെ വിട്ടു. അവർക്കാകട്ടെ, മണ്ഡലത്തിെൻറ സ്വഭാവവും തെരഞ്ഞെടുപ്പിെൻറ ചലനങ്ങളും അളന്ന് പ്രവർത്തിക്കാൻ സാധിച്ചില്ല. സ്ഥാനാർഥികളേക്കാൾ കൂടുതൽ പേർ പാർട്ടിയുടെ കേന്ദ്ര നിരീക്ഷകരായി എത്തിയെങ്കിലും, അവരും വെറുതെ കറങ്ങിനടന്നു. ബൂത്തുതല മാനേജ്മെൻറ് ബി.ജെ.പി കരുതലോടെ നിർവഹിച്ചെങ്കിൽ, ബൂത്ത് ഏജൻറുമാരായി പ്രവർത്തിക്കാൻപോലും ആളില്ലാത്ത സ്ഥിതിയാണ് പ്രതാപം പണ്ടേ തകർന്നടിഞ്ഞ കോൺഗ്രസ് കാഴ്ചവെച്ചത്. മധ്യപ്രദേശ്, ഗുജറാത്ത്, യു.പി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രകടനം ദുർബലമായിരുന്നു.
ഏറ്റവുമൊടുവിൽ വെറുതെ വോട്ടുയന്ത്രത്തെ പഴിപറയുന്നത് എന്തിനെന്ന ചോദ്യമാണ് യുവനേതാവ് കാർത്തി ചിദംബരം ഉയർത്തിയത്. കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയവർ ഉയർത്തിയ വിഷയങ്ങൾ വീണ്ടും പാർട്ടിയിൽ ചർച്ചയായി.
സംഘടനാപ്രവർത്തനം ഉഷാറാക്കാനും തെരഞ്ഞെടുപ്പു നടത്താനും ക്രമീകരണം ഒരുക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതല്ലാതെ, അക്കാര്യങ്ങളും ഇഴയുന്നു. പുതിയ സാഹചര്യങ്ങളിൽ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറാകുന്ന കാര്യം പിന്നെയും വൈകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.