ബാബ സിദ്ദീഖിന്റെ കൊലപാതകം; മഹാരാഷ്ട്രയിലെ ക്രമസമാധാനത്തകർച്ചയുടെ ഉദാഹരണമെന്ന് കോൺഗ്രസ്
text_fieldsമുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദീഖിന്റെ കൊലപാതകം മഹാരാഷ്ട്രയിലെ ഗുരുതരമായ ക്രമസമാധാന നില തകർച്ചയുടെ ഉദാഹരണമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും കോൺഗ്രസ്.
ശനിയാഴ്ചയാണ് മുംബൈയിലെ ബാന്ദ്ര മേഖലയിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖിനെ മൂന്ന് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
സംഭവത്തോടെ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ ക്രമസമാധാന നില ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തിറങ്ങി. സിദ്ദീഖിന്റെ ദാരുണമായ വിയോഗം വാക്കുകൾക്കതീതവും ഞെട്ടിക്കുന്നതുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. ദു:ഖകരമായ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് പറഞ്ഞ ഖാർഗെ നീതി ഉറപ്പാക്കണമെന്നും നിലവിലെ മഹാരാഷ്ട്ര സർക്കാർ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
ബാബ സിദ്ദീഖിന്റെ കൊലപാതകത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് കെ.സി വേണുഗോപാൽ ഞെട്ടലും രോഷവും രേഖപ്പെടുത്തി. ‘സിദ്ദീഖ് ജി അർപണബോധത്തോടെ മുംബൈയിലും മഹാരാഷ്ട്രയിലുമുള്ള ജനങ്ങളെ സേവിക്കുകയും സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. ഈ സംഭവം മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകർന്നതിന്റെ ഗുരുതരമായ ഉദാഹരണമാണെന്നും’ വേണുഗോപാൽ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സിദ്ദീഖ് ഒന്നിലധികം തവണ അധികൃതരെ അറിയിച്ചിരുന്നുവെന്നും വൈ പ്ലസ് സുരക്ഷയിലായിരുന്നിട്ടും അദ്ദേഹം അരക്ഷിതാവസ്ഥ അനുഭവിച്ചുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. റോഡിലെ തിരക്കേറിയ മാർക്കറ്റുകൾക്ക് നടുവിലാണ് ഈ വെടിവെപ്പ് നടന്നത്. ഇത് മഹാരാഷ്ട്രയിൽ കുറ്റവാളികൾ നിയമത്തെ ഭയപ്പെടുന്നില്ല എന്നതിനെ കാണിക്കുന്നു. ഭരണസഖ്യത്തിലെ നേതാക്കൾ പോലും തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സുരക്ഷിതരല്ല. മുതിർന്ന പൊതുപ്രവർത്തകർ സുരക്ഷിതരല്ലെങ്കിൽ പിന്നെ സാധാരണ പൗരൻമാർ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നും വേണുഗോപാൽ ചോദിച്ചു.
‘ബാബ സിദ്ദീഖിന്റെ കൊലപാതകത്തെ കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. 1999ൽ സുനിൽ ദത്തിനൊപ്പമാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ വിടവാങ്ങൽ വ്യക്തിപരമായ നഷ്ടമാണെന്ന്’ കോൺഗ്രസിന്റെ മാധ്യമ-പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര ‘എക്‌സി’ൽ കുറിച്ചു. ബാബ സിദ്ദീഖ് തന്റെ പിതാവ് സുനിൽ ദത്തിന് ഒരു മകനും തനിക്ക് ഒരു സഹോദരനും പ്രിയ സുഹൃത്തും ആയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയ ദത്ത് അനുസ്മരിച്ചു.
ബാന്ദ്ര (വെസ്റ്റ്) മണ്ഡലത്തെ മൂന്ന് തവണ നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട് സിദ്ദീഖ്. മുംബൈയിൽ നിന്നുള്ള പ്രമുഖ മുസ്‍ലിം നേതാവായ ഇദ്ദേഹം സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബോളിവുഡിലെ വമ്പൻ താരങ്ങൾ പങ്കെടുത്ത ആഡംബര ഇഫ്താർ പാർട്ടികളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗികൾക്ക് ജീവൻരക്ഷാ മരുന്നുകൾ നൽകിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
അടുത്തിടെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലേക്കുള്ള സിദ്ദീഖിന്റെ വരവ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് വലിയ ഉത്തേജനം നൽകി. ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ, പ്രത്യേകിച്ച് മുസ്‍ലിം ആധിപത്യമുള്ള വാർഡുകളിൽ പാർട്ടിയുടെ സ്വാധീനം വിപുലീകരിക്കുന്നതിൽ സിദ്ദീഖ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എൻ.സി.പി നേതാക്കൾ കണക്കുകൂട്ടിയിരുന്നു.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ കോൾഗേറ്റ് ഗ്രൗണ്ടിന് സമീപമുള്ള മകൻ സീഷാൻ സിദ്ദിഖ് എം.എൽ.എയുടെ ഓഫിസിന് പുറത്തുവെച്ചാണ് ബാബ സിദ്ദീഖ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.