കർണാടകയിൽ കോൺഗ്രസ് ഒ.ബി.സി സംവരണം മുസ്‍ലിംകൾക്ക് നൽകി; ഹരിയാനയിൽ ഇത് അനുവദിക്കില്ല -അമിത് ഷാ
text_fieldsഛണ്ഡിഗഢ്: കോൺഗ്രസ് പിന്നാക്ക വിരുദ്ധ പാർട്ടിയായി മാറിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിന്റെ സംവരണം മുസ്‍ലിംകൾക്ക് നൽകുമെന്ന് അമിത് ഷാ ആരോപിച്ചു.
മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സംവരണം നൽകുന്നത് പഠിക്കാനാണ് കാക കലേക്കർ കമീഷൻ രുപീകരിച്ചത്. കമീഷൻ നിർദേശങ്ങൾ ഇതുവരെ കോൺഗ്രസ് നടപ്പിലാക്കിയിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. 1980ൽ മണ്ഡൽ കമീഷനെ കോൾഡ് സ്റ്റോറേജിലാക്കിയത് കോൺഗ്രസാണ്. രാജീവ് ഗാന്ധി രണ്ടര മണിക്കൂർ സമയം ഒ.ബി.സി സംവരണത്തിനെതിരെ സംസാരിച്ചുവെന്നും അമിത് ഷാ ആരോപിച്ചു.
കർണാടകയിൽ കോൺഗ്രസ് പിന്നാക്കക്കാരുടെ സംവരണം തട്ടിയെടുത്ത് മുസ്‍ലിംകൾക്ക് നൽകി. ഹരിയാനയിലും അവർ അധികാരത്തിലെത്തിയാൽ ഇത് തന്നെ ചെയ്യും. മുസ്‍ലിം സംവരണം ബി.ജെ.പി അനുവദിക്കില്ലെന്ന് ഉറപ്പ് നൽകുകയാണ്. പിന്നാക്കക്കാരുടെ സംവരണം ബി.ജെ.പി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ ബി.ജെ.പി സർക്കാർ രുപീകരിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ പിന്നാക്കക്കാർ ബി.ജെ.പിക്കായിരിക്കും വോട്ട് ചെയ്യുക. മോദി സർക്കാർ ഒ.ബി.സികൾക്കും പിന്നാക്കക്കാർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി നായിബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ ഒ.ബി.സികൾക്ക് വേണ്ടി ക്രീമിലെയർപരിധി ആറ് ലക്ഷത്തിൽ നിന്നും എട്ട് ലക്ഷമാക്കി ഉയർത്തിയെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.