പേമ ഖണ്ഡുവിന് വായടപ്പൻ മറുപടിയുമായി കോൺഗ്രസ്: 'ബി.ജെ.പി വാഷിങ് മെഷീന്റെ മറ്റൊരു ഉൽപന്നം'
text_fieldsന്യൂഡൽഹി: ചൈനീസ് കൈയേറ്റത്തെ കുറിച്ച് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ അഭിപ്രായ പ്രകടനത്തെ പരിഹസിച്ച അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് വായടപ്പൻ മറുപടിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലെന്നായിരുന്നു പേമയുടെ പരിഹാസം. ഇതിന് അതേനാണയത്തിലാണ് കോൺഗ്രസ് തിരിച്ചടിച്ചത്. 2016ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നയാളാണ് പേമ.
ചൈനീസ് കൈയേറ്റം നടന്ന ലഡാക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണെന്നാണോ പേമ കരുതുന്നതെന്ന് ജയ്റാം രമേശ് പ്രതികരിച്ചു. 'ബി.ജെ.പിയുടെ വാഷിങ് മെഷീനിൽ അലക്കിവെളുപ്പിച്ചെടുത്ത മറ്റൊരു ഉൽപന്നമാണ് പേമ. സമ്പൂർണ പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദം നേടാനുള്ള യോഗ്യതയുണ്ട്' -അദ്ദേഹം പറഞ്ഞു.
2020 ഏപ്രിലിലെ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന നിരാകരിച്ച കാര്യം രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. 'ഒരു പോരാട്ടവുമില്ലാതെ പ്രധാനമന്ത്രി ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയ്ക്ക് നൽകിയിട്ടുണ്ട്. ഈ പ്രദേശം എങ്ങനെ വീണ്ടെടുക്കുമെന്ന് ഇന്ത്യ ഗവൺമെന്റ് വിശദീകരിക്കാമോ?' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. എന്നാൽ, ഇത് അരുണാചൽ പ്രദേശിനെ കുറിച്ചാണെന്ന ധാരണയിൽ പേമ ഖണ്ഡു പ്രതികരിക്കുകയായിരുന്നു.
വടക്കുകിഴക്കൻ മേഖലയിൽ ചൈനയുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് പേമ ഖണ്ഡു പറഞ്ഞു. ചൈന സൈനിക നടപടി നടത്തിയതെല്ലാം ചൈനീസ് പ്രദേശത്താണ്. "രാഹുൽ ഗാന്ധിക്ക് വടക്കുകിഴക്കൻ മേഖലകളെക്കുറിച്ച് കാര്യമായ അറിവില്ല. അദ്ദേഹത്തിന് അറിയാത്ത വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ചൈനക്കാർ ഇന്ത്യൻ ഭാഗത്ത് പ്രവേശിച്ചതായി സോഷ്യൽ മീഡിയയിൽ കണ്ടു. എനിക്ക് ലഭിച്ച റിപ്പോർട്ടനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും അവരുടെ സ്വന്തം പ്രദേശത്താണ് നടത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. അരുണാചലിൽ ചൈനീസ് നുഴഞ്ഞുകയറ്റം ഇല്ലെന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയുന്നു' -അദ്ദേഹം പറഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി ഉന്നയിച്ചത് ലഡാക്കിലെ ചൈനീസ് കൈയേറ്റമാണെന്നാണ് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.