അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ജനസമ്പർക്ക പരിപാടിക്ക് ചൊവ്വാഴ്ച സുള്ള്യയിൽ തുടക്കമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന ഉറപ്പുകൾ പാലിച്ച് നടപ്പാക്കി കർണാടകയിൽ രാമരാജ്യ സങ്കല്പം യാഥാർഥ്യമാക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗത്തേയും സ്പർശിക്കുന്ന വികസന,ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സുള്ള്യ എം.എൽ.എ ഭഗിരഥി മുരുള്യ, മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി, ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഹിളൻ, ജില്ല പഞ്ചായത്ത് സി.ഇ.ഒ ഡോ. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ ബംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്തിരുന്നു. ബംഗളൂരു ബിദറഹള്ളിയിൽ രാമ-ലക്ഷ്മ- സീതമാർക്കായി ഹിരനഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് നിർമിച്ച ക്ഷേത്രവും 33 അടിയുള്ള ഹനുമാൻ പ്രതിമയുമാണ് ഭക്തർക്കായി തുറന്നുനൽകിയത്. ‘രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്യാനായതിൽ സന്തോഷം. ഇത് രാഷ്ട്രീയ നേട്ടത്തിനായല്ല. രാജ്യത്തെ എല്ലാ രാമബിംബങ്ങളും ഒരുപോലെയാണ്. രാമനെയും ലക്ഷ്മണനെയും സീതയെയും ബി.ജെ.പി വേർപിരിച്ചു. അവർ (ബി.ജെ.പി) രാമക്ഷേത്രം നിർമിച്ചു. രാമന് ഒറ്റക്കാവാനാകില്ല. സീതാദേവിയും ലക്ഷ്മണനും ഹനുമാനുമില്ലാതെ രാമൻ പൂർണമാവില്ല’- സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.