ഹിമാചൽ സർക്കാർ കേന്ദ്രത്തിൽ നിന്ന് വായ്പയെടുത്ത് പണം സോണിയ ഗാന്ധിക്ക് നൽകുന്നു; അങ്ങനെ ഖജനാവ് കാലിയായി -കങ്കണ റണാവത്ത്
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാറിനെതിരെ ബി.ജെ.പി എം.പി കങ്കണ റണാവത്ത്. ഹിമാചൽ സർക്കാർ വായ്പയെടുത്ത് ആ പണം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയത് മൂലം ഖജനാവ് കാലിയായി എന്നാണ് കങ്കണയുടെ ആരോപണം. ഹിമാചലിലെ ഒരു ഗ്രാമത്തിൽ ബി.ജെ.പിയുടെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യവെയാണ് നടിയുടെ ആരോപണം.
''കോൺഗ്രസ് ഭരിക്കുന്ന സർക്കാറുകളിൽ അഴിമതി വ്യാപകമാണെന്നും അവിടങ്ങളിലെ ഖജനാവുകൾ കാലിയാണെന്നും എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പിൽ പാർട്ടി എങ്ങനെയാണ് ഇത്രയധികം പണം ചെലവഴിക്കുന്നത്. ഹിമാചലിലെ സുഖ്‍വിന്ദർ സിങ് സുഖു സർക്കാർ കേന്ദ്രത്തിൽ നിന്ന് വായ്പയെടുത്ത് പണം സോണിയ ഗാന്ധിക്ക് നൽകുന്നു. ദുരന്തങ്ങളും കോൺഗ്രസ് ഭരണവും സംസ്ഥാനത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി. നിലവിലെ സർക്കാറിനെ വേരോടെ പിഴുതെറിയണെമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു.''-കങ്കണ പറഞ്ഞു.
''ഞങ്ങൾ ദുരന്തനിവാരണ ഫണ്ട് നൽകിയാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത്. എന്നാൽ അവിടെ നിന്ന് അത് സോണിയയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത് എല്ലാവർക്കും അറിയാം.''-കങ്കണ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നോട് പരാജയപ്പെട്ട പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങിനെയും കങ്കണ പരിഹസിച്ചു. രാജാവിന്റെ മകന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും അറിയാം. ആളുകൾ റോഡിലെ കുഴികളാൽ മനംമടുത്തിരിക്കുകയാണ്. എന്റെ പ്രദേശത്തിന് സാധ്യമായതിൽ കൂടുതൽ ചെയ്യും. എന്നാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എന്തെങ്കിലുമൊക്കെ ചെയ്യണം.-കങ്കണ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി യുഗ് പുരുഷ് ആണെന്നും നടി പുകഴ്ത്തി. മാണ്ഡി മണ്ഡലത്തിൽ വലിയ കായിക കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും കങ്കണ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.