കർണാടകയിൽ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കോൺഗ്രസ് സർക്കാർ
text_fieldsബംഗളൂരു: കർണാടകയിൽ ജൂൺ 11 മുതൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര. ഇതടക്കം കോൺഗ്രസ് നൽകിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കും. എ.സി, നോൺ എ.സി സ്ലീപ്പർ, ലക്ഷ്വറി ബസുകൾ ഒഴികെയുള്ള സംസ്ഥാനത്തെ സർക്കാർ ബസുകളിലാണ് സൗജന്യ യാത്ര നടത്താനാവുക. ബസുകളിൽ 50 ശതമാനം സീറ്റ് പുരുഷന്മാർക്കും ബാക്കി സ്ത്രീകൾക്കുമായി സംവരണം ചെയ്യും.
സൗജന്യ യാത്രക്കായി വനിതകൾക്ക് പ്രത്യേക ബസ് പാസുകൾ അനുവദിക്കും. എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി പദ്ധതി), കുടുംബനാഥകളായ സ്ത്രീകൾക്ക് മാസം 2000 രൂപ (ഗൃഹലക്ഷ്മി), ബി.പി.എൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി (അന്നഭാഗ്യ), തൊഴിൽരഹിതരായ ബിരുദധാരികൾക്ക് 3,000 രൂപ, ഡിപ്ലോമക്കാർക്ക് മാസം 1500 രൂപ (യുവനിധി), സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര (ശക്തി) എന്നീ പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.
‘ഗൃഹജ്യോതി’, ‘അന്നഭാഗ്യ’ പദ്ധതികൾ ജൂലൈ ഒന്നുമുതലാണ് നടപ്പാക്കുക. ‘ഗൃഹലക്ഷ്മി’ പദ്ധതി വഴി ആഗസ്റ്റ് 15 മുതൽ സഹായധനം അക്കൗണ്ടുകളിലേക്ക് നൽകിത്തുടങ്ങും. ഇതിനായി ജൂൺ 15 മുതൽ ഓൺലൈനായി അപേക്ഷ നൽകണം. ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ എല്ലാ വനിതകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളിലുള്ളവർക്കും ആനുകൂല്യം ലഭിക്കും.
‘യുവനിധി’ പദ്ധതിയിൽ, 2022-2023 വർഷം ബിരുദം നേടിയവർക്കാണ് മാസം 3000 രൂപ വീതം തൊഴിൽരഹിത വേതനം നൽകുക. ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകും. രജിസ്റ്റർ ചെയ്ത് 24 മാസങ്ങളാണ് 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ധനസഹായം നൽകുക. ഇതിനിടയിൽ തൊഴിൽ നേടിയാൽ സഹായം നിർത്തും. അഞ്ച് പദ്ധതികളും നടപ്പാക്കാൻ വർഷം 50,000 കോടിയിലധികം രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.