കോൺഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നു– ശങ്കർ സിങ് വഗേല
text_fieldsവഡോദര: പാർട്ടിയിലേക്ക് തിരിച്ചുവന്നാൽ മുഖ്യമന്ത്രി പദം നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നുവെന്ന് മുതിർന്ന നേതാവ് ശങ്കർ സിങ് വഗേല. കഴിഞ്ഞ ജൂലൈയിലാണ് വഗേല കോൺഗ്രസ് വിട്ടത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ ഗുജറാത്ത് മുഖ്യമന്ത്രി പദവി നൽകുമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉറപ്പു നൽകിയത്.
രാഷ്ട്രീയ പാർട്ടികളുടെ അത്യാർത്തിയും പാർട്ടി പ്രവർത്തകരുടെ ചൂഷണവുമാണ് പുതിയ മുന്നണിയായ ‘ജന വികൽപ്’ രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. ഇത് സത്യവും കാപട്യവും തമ്മിലുള്ള പോരാട്ടമാണ്. ജനങ്ങളുടെ പോരാട്ടമാണ്. ബി.ജെ.പിയിലും കോൺഗ്രസിലുമായി 50 വർഷത്തെ പൊതുജീവിതം നയിച്ച വ്യക്തിയാണ് താൻ.
കോൺഗ്രസുമായി തനിക്ക് യാതൊരു തരത്തിലുള്ള വ്യക്തി വിദ്വേഷവുമില്ല, അതുകൊണ്ടു തന്നെയാണ് അടുത്ത തവണ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുേമ്പാൾ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തത്. എന്നാൽ അതിനു പിറകിലും അത്യാഗ്രഹം തന്നെയാണ്. അതിലേക്ക് തന്നെ പേര് വലിച്ചിഴക്കാൻ താൽപര്യമില്ല. ഹൈകമാൻഡ് സ്ത്രീകളെ ചൂഷണം ചെയ്യുകയും കഴിവില്ലാത്ത പ്രവർത്തകർ നേതാക്കളെ പുകഴ്ത്തി സ്ഥാനങ്ങൾ നേടുകയും ചെയ്യുന്നു. പാർട്ടിയിലെ ടിക്കറ്റ് വിതരണം കളിയാണ്. ടിക്കറ്റ് വിതരണത്തിൽ പാർട്ടികളിൽ ജനാധിപത്യമോ സുതാര്യതയോയില്ലെന്നും വഗേല കുറ്റപ്പെടുത്തി.
പ്രവർത്തകരെല്ലാം നേതാക്കൾക്കു മുന്നിൽ കീഴടങ്ങണം. അതുകൊണ്ടാണ് തനിക്ക് സ്വന്തമായൊരു നിലപാട് എടുക്കേണ്ടി വന്നത്. സംസ്ഥാനത്ത് പ്രളയമുണ്ടായപ്പോൾ കോൺഗ്രസ് എം.എൽ.എമാർ ബംഗളൂരുവിലായിരുന്നു. താൻ ആ സമയം പ്രളയ ബാധിത പ്രദേശമായ ബനാസ്കാന്തയിലായിരുന്നുവെന്നും വഗേല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.