ജാതി സമവാക്യത്തിൽ കോൺഗ്രസിന് മേൽക്കൈ
text_fieldsകർഷക, ആദിവാസി സ്വാധീന സംസ്ഥാനമായ ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ വോട്ടർമാർ വെള്ളിയാഴ്ച ബൂത്തിലേക്ക് നീങ്ങുമ്പോൾ ഒ.ബി.സിക്കാരിൽ കേന്ദ്രീകരിച്ച ജാതി സമവാക്യത്തിൽ കോൺഗ്രസിനാണ് മേൽക്കൈ. അതേസമയം, സവർണ വിഭാഗത്തിന്റെ വോട്ടുകൊണ്ട് അധികാരം ലഭിക്കില്ലെന്ന് അറിയുന്ന ബി.ജെ.പിയും കണ്ണുവെച്ചിരിക്കുന്നത് ഒ.ബി.സി വോട്ടുബാങ്കിലാണ്.
അജിത് ജോഗിയുടെ ജനത കോൺഗ്രസ് (ജെ.സി.സി) മത്സരിക്കുന്ന ഏതാനും സീറ്റിൽ മാത്രമാണ് ത്രികോണ മത്സരം. മറ്റുള്ള മണ്ഡലങ്ങളിലെല്ലാം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. കൃഷി, ആദിവാസി ക്ഷേമം, നക്സൽ അടിച്ചമർത്തൽ, ജാതി സെൻസസ് തുടങ്ങിയവയാണ് തെരഞ്ഞെടുപ്പ് വിഷയങ്ങൾ. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് എങ്ങുമില്ല എന്നതാണ് കോൺഗ്രസിന് നേട്ടം. മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന മഹാദേവ് ആപ് അഴിമതി ആരോപണത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ജനവിധി തേടി പ്രമുഖർ
മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ അരുൺ സാഹു, അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി, മകൻ അമിത് ജോഗി തുടങ്ങിയവരാണ് ജനവധി തേടുന്നതിൽ പ്രമുഖർ. ആദിവാസി-നക്സൽ സ്വാധീന മേഖലയായ ബസ്തറിലെ തെരഞ്ഞെടുപ്പ് നവംബർ ഏഴിന് നടന്ന ഒന്നാം ഘട്ടത്തിലായിരുന്നു.
2018ലെ കോൺഗ്രസ് അനുകൂല കുത്തൊഴുക്കിൽ ബി.ജെ.പിക്ക് പിടിവള്ളിയായ മധ്യ, ഗ്രാമീണ മേഖലകളിൽ രണ്ടാം ഘട്ടത്തിലാണ് മത്സരം. ബി.ജെ.പിക്ക് ആകെ ലഭിച്ച 15 സീറ്റിൽ 10 എണ്ണം ഛത്തിസ്ഗഢിന്റെ മധ്യമേഖലയിൽനിന്നാണ്. ബി.എസ്.പി-ജെ.സി.സി- സി.പി.ഐ സഖ്യത്തിന് ലഭിച്ച ഏഴ് സീറ്റിൽ അഞ്ചും ഇവിടെനിന്നാണ്.
ഒ.ബി.സി പിന്തുണ നിർണായകം
ഒ.ബി.സി 37 ശതമാനം, എസ്.ടി 34 ശതമാനം, എസ്.സി 15 ശതമാനം, ന്യൂനപക്ഷങ്ങൾ ഒമ്പത് ശതമാനം, ജനറൽ അഞ്ച് ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജനസംഖ്യ. 2018ൽ ആദിവാസി, ന്യൂനപക്ഷ, ഒ.ബി.സി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചു.
ഭരണം തിരിച്ചുപിടിക്കാൻ 25 മണ്ഡലങ്ങളിൽ സ്വാധീനമുള്ള, ഒ.ബി.സി.യിൽ 14 ശതമാനം വരുന്ന സാഹു വിഭാഗത്തിൽനിന്നുള്ള അരുൺ സാഹുവിനെ സംസ്ഥാന അധ്യക്ഷനാക്കിയാണ് ബി.ജെ.പി പരീക്ഷണം. എന്നാൽ, കോൺഗ്രസിന്റെ ജാതി സെൻസസ് പ്രഖ്യാപനം വന്നതോടെ തിരിച്ചടിയാവുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. ജാതി സെൻസസിനു തങ്ങൾ എതിരല്ലെന്ന പ്രചാരണം ബി.ജെ.പി വ്യാപകമാക്കിയിട്ടുണ്ട്. ജാതി സെൻസസ് പ്രഖ്യാപനത്തിൽ സവർണ വിഭാഗം കോൺഗ്രസിനോട് അകന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ തവണ പിന്തുണ നൽകിയ സാഹു, കുറുമി വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാൻ പ്രഖ്യാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
മഹാദേവ് ആപ് ആയുധമാക്കി ബി.ജെ.പി
മോദി മുതൽ ബി.ജെ.പി നേതാക്കളെല്ലം കോൺഗ്രസിനെ വിമർശിക്കുന്നതിന് പകരം അവരുടെ കപ്പിത്താനായ ഭൂപേഷ് ബാഘേലിനെ കടന്നാക്രമിച്ചായിരുന്നു പ്രചാരണം നടത്തിയത്. മഹാദേവ് ബെറ്റിങ് ആപ്പിൽനിന്ന് 508 കോടി രൂപ ബാഘേൽ കൈക്കൂലി വാങ്ങിയെന്ന ഇ.ഡിയുടെ വെളിപ്പെടുത്തൽ ആയുധമാക്കിയാണ് ആക്രമണം. എന്നാൽ, ബാഘേലോ, കോൺഗ്രസോ ഈ ചൂണ്ടയിൽ കൊത്തിയിട്ടില്ല. ഇ.ഡി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഏജന്റാണെന്നടക്കമുള്ള ഏതാനും പ്രസ്താവനകൾ മാത്രമാണ് കോൺഗ്രസിന്റെ മറുപടിയായിട്ടുള്ളത്. മഹാദേവ് ആപ് വിവാദം നഗരത്തിൽമാത്രമാണ് ചർച്ചയായിട്ടുള്ളതെന്നും അതും വോട്ടിനെ സ്വാധീനിക്കാൻ മാത്രം ജനം ഏറ്റുപിടിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.
പ്രകടനപത്രികയിലെ കർഷകപ്രേമം
36 ലക്ഷത്തോളം വരുന്ന കർഷകരുടെ രോഷം അനുഭവിച്ചവരാണ് ബി.ജെ.പി. 15 വർഷം നീണ്ട ബി.ജെ.പി ഭരണത്തിൽ നെൽ കർഷകരുടെ ബോണസ് കുടിശ്ശിക പെരുകിയത് പ്രചാരണമാക്കിയാണ് കോൺഗ്രസ് അധികാരത്തിൽ എത്തിയത്. നെല്ലിന് ക്വിന്റലിന് 2500 രൂപ നൽകി സംഭരിക്കും, കാർഷികവായ്പ എഴുതിത്തള്ളും എന്നീ വാഗ്ദാനങ്ങൾ നൽകിയ കോൺഗ്രസ്, അധികാരത്തിലെത്തിയ ഉടൻതന്നെ നടപ്പാക്കി. പിന്നീട് സംഭരണ വില 140 രൂപകൂടി വർധിപ്പിച്ചു. ഇത് കർഷക മേഖലയിൽ കോൺഗ്രസിന് വലിയ വേരോട്ടം ഉണ്ടാക്കി. ഇക്കുറി പ്രകടനപത്രികയിൽ കോൺഗ്രസും ബി.ജെ.പിയും ഒരു പോലെ നെൽകർഷകർക്ക് വാഗ്ദാനം വാരിക്കോരി പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ നെല്ലുസംഭരണത്തുക ക്വിന്റലിന് 3100 രൂപയാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചപ്പോൾ സംഭരണവില 3200 ആക്കുമെന്നായി കോൺഗ്രസ്.
വർഗീയ വിദ്വേഷം വാരി വിതറി ബി.ജെ.പി
അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശർമ മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരെയുള്ളവർ പ്രചാരണങ്ങളിൽ വർഗീയ വിദ്വേഷം വാരി വിതറുന്നുണ്ട്. കവർധയിൽ മത്സരിക്കുന്ന ഏക മുസ്ലിം സ്ഥാനാർഥി അക്ബറിനെതിരെ ആരംഭിച്ച വിദ്വേഷം ഒടുവിൽ ലവ് ജിഹാദിൽ എത്തി. ഒരു അക്ബർ വന്നാൽ നൂറ് അക്ബർമാർ വരുമെന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം. കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയാൽ സാഹു, കുറുമി വിഭാഗത്തിൽ പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചാരണത്തിന് എത്തിയ അമിത് ഷാ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.