മോദിയുടെ ആത്മവിശ്വാസം കോൺഗ്രസ് തകർത്തു; അദ്ദേഹം വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്നു -രാഹുൽ ഗാന്ധി
text_fieldsശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകർത്തുവെന്നും അദ്ദേഹത്തിന് ഒരുപാട് മാനസിക സമ്മർദം നൽകിയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടുദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിലെത്തിയ രാഹുൽ ശ്രീനഗറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
‘ഇത് കോൺഗ്രസും ആർ.എസ്.എസും തമ്മിലുള്ള ആശയങ്ങളുടെ പോരാട്ടമാണ്. ഞാൻ പാർലമെന്റിൽ ഇരുന്ന് പ്രധാനമന്ത്രി മോദിയെ കാണുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിങ്ങൾ തകർത്തുവെന്ന് എനിക്ക് പറയാൻ കഴിയും. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് വളരെയധികം മാനസിക പിരിമുറുക്കം നൽകി, അദ്ദേഹത്തെ മാനസികമായി തകർത്തു’ -രാഹുൽ പറഞ്ഞു.
‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിന്റെയും ഇൻഡ്യ സഖ്യത്തിന്റെയും പ്രധാന പരിഗണന. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന പദവി നൽകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ, അതിന് മുമ്പെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ച് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ തിരികെ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി മാറാറുണ്ട്. എന്നാൽ, സംസ്ഥാനങ്ങൾ കേന്ദ്രഭരണപ്രദേശമായി തരം താഴ്ത്തുന്നത് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ്. കോൺഗ്രസിന്റെ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് ജമ്മു, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനാധിപത്യാവകാശം തിരികെ നൽകുക എന്നതാണ്’ -രാഹുൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് രാഹുൽ കശ്മീരിൽ എത്തിയത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജമ്മു കശ്മീർ നാഷനൽ കോൺഫറൻസും തമ്മിൽ സഖ്യമായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.