'അഴിമതിയെ കുറിച്ച് സംസാരിക്കാനുള്ള ധാർമിക അവകാശം കോൺഗ്രസിനില്ല'- ബസവരാജ് ബൊമ്മൈ
text_fieldsബംഗളൂരു: എല്ലാ ഘട്ടത്തിലും അഴിമതിയിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസിന് അഴിമതിയെ കുറിച്ച് സംസാരിക്കാനുള്ള ധാർമിക അവകാശമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പേ സി.എം പോസ്റ്ററുകൾ സ്ഥാപിച്ച് കോൺഗ്രസ് നടത്തിയ പ്രചാരണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കോൺഗ്രസ് എന്ത് വേണമെങ്കിലും ചെയ്യട്ടെ. ഒടുവിൽ സത്യം ജയിക്കും. തെളിവുകളൊന്നുമില്ലാതെ ഉന്നയിക്കുന്ന ആരോപണങ്ങൽ അധികകാലം നിലനിൽക്കില്ല. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് വിശദമായ മറുപടി നൽകിയിട്ടുണ്ട്"- ബൊമ്മൈ പറഞ്ഞു.
ആരോപണങ്ങൾ ആവർത്തിച്ച് കൊണ്ടിരുന്നാൽ അത് സത്യമായി മാറുമെന്നാണ് അവർ കരുതുന്നത്. എന്നാൽ ആ കാലം മാറി. ജനങ്ങൾക്ക് സത്യമെന്താണെന്നുള്ള ബോധ്യമുണ്ട്. ഒരു വർഷം മുമ്പാണ് അസോസിയേഷൻ പരാതി നൽകിയതെന്നും പരാതിക്കൊപ്പം ചെറിയ തെളിവെങ്കിലും നൽകണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ചിത്രമടക്കമുള്ള പേ സി.എം പോസ്റ്ററുകൾ ബംഗളൂരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ബൊമ്മൈ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇലക്ട്രോണിക് മണി ട്രാൻസ്ഫറിങ് സംവിധാനമായ പേടിഎമ്മുമായി സാമ്യമുള്ള പോസ്റ്ററിന് നടുവിൽ മുഖ്യമന്ത്രിയുടെ ചിത്രവും ഉണ്ടായിരുന്നു.
പൊതുമരാമത്ത് കരാറുകൾ ലഭിക്കുന്നതിന് 40 ശതമാനം കമീഷൻ നൽകണമെന്നാവശ്യപ്പെട്ടതായി കരാറുകാർ അടുത്തിടെ സർക്കാരിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ഇത് നിഷേധിച്ചു. സർക്കാരിന്‍റെയും തന്‍റെയും പ്രതിച്ഛായ തകർക്കാനുള്ള പ്രചാരണത്തിന്‍റെ ഭാഗമാണിതെന്ന് ബൊമ്മൈ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.