ഹുബള്ളി അക്രമത്തിന് കാരണക്കാർ ബി.ജെ.പിയാണെന്ന് ഡി.കെ ശിവകുമാർ
text_fieldsബംഗളൂരു: കർണാടകയിലെ ഹുബള്ളി പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന് കാരണക്കാർ ബി.ജെ.പിയാണെന്ന് കോൺഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാർ. ബി.ജെ.പി സ്‌പോൺസർ ചെയ്‌ത ട്വീറ്റാണ് അക്രമത്തിന് വഴിവെച്ചതെന്നും ഈ അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് നേതാക്കൾ ക്രമസമാധാനം നിലനിർത്താന്‍ ശ്രമിക്കുന്നവരാണ്. ന്നിട്ടും അവർ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹുബ്ബള്ളിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കോൺഗ്രസ് നേതാക്കളോട് ഇടപെടണമെന്ന് പൊലീസ്കാർ വരെ അഭ്യർത്ഥിച്ചതായി ശിവകുമാർ അവകാശപ്പെട്ടു. സമാധാന ശ്രമങ്ങൾക്കിടെ ജില്ലാ പ്രസിഡന്റ് അൽത്താഫിന് പരിക്കേറ്റതായും അദ്ദേഹം ചുണ്ടിക്കാട്ടി. 40 ശതമാനം കമ്മീഷൻ വിഷയം മറച്ചുവെക്കാനാണ് ബി.ജെ.പി കോൺഗ്രസിനെതിരെ ആരോപണവുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യത്തിൽ വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിൽ പൊലീസ് സ്റ്റേഷനുനേരെ ഒരു വിഭാഗം നടത്തിയ ആക്രമണത്തിൽ സ്റ്റേഷൻ ഇൻസ്പെക്ടർ അടക്കം 12 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മക്കയിലെ മസ്ജിദിന്‍റെ ചിത്രത്തിൽ കാവിക്കൊടി ഉയർത്തിയ നിലയിൽ ഒരു ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഹുബ്ബള്ളി ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടുകയും സ്റ്റേഷനു നേരെ കല്ലേറിയുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.