കോൺഗ്രസിന്റേത് 'കോവിഡ് പാപം'; പലതവണ തോറ്റിട്ടും അഹങ്കാരത്തിന് കുറവില്ല- കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രൂക്ഷവ്യാപനത്തിനും ആദ്യതരംഗത്തിലുണ്ടായ കുടിയേറ്റ തൊഴിലാളി പ്രതിസന്ധിക്കും കാരണം കോണ്‍ഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുക പോലുള്ള നല്ല കാര്യങ്ങളൊന്നും പ്രതിപക്ഷം ചെയ്തിട്ടില്ല. പകരം, കോവിഡിന് ഒട്ടും ചെറുതല്ലാത്ത സംഭാവനയാണ് അവർ നൽകിയതെന്ന് മോദി പരിഹസിച്ചു. രാജ്യത്ത് കോവിഡ് പടരാന്‍ ഇടയാക്കിയതിലൂടെ കോൺഗ്രസ് ചെയ്തത് 'കോവിഡ് പാപ'മാണെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു.
കോവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ച കോണ്‍ഗ്രസ് രാഷ്ട്രീയ അന്ധതയില്‍ മര്യാദകള്‍ മറന്നു. കോവിഡ് ഒന്നാം തരംഗത്തിന്റെ ലോക്ഡൗണ്‍ കാലത്ത് നിങ്ങള്‍ നില്‍ക്കുന്നത് എവിടെയാണോ അവിടെ തുടരൂ എന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് വിതരണം ചെയ്ത് കോവിഡ് വ്യാപനത്തിന് കോൺഗ്രസ് അവസരമൊരുക്കി. കോൺഗ്രസ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു. ഡൽഹി സർക്കാർ ജീപ്പുകളോടിച്ച് ചേരികളിൽ ചുറ്റിക്കറങ്ങി വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. കോവിഡ് അധിക വ്യാപനമില്ലാതിരുന്ന ഉത്തർപ്രദേശിലും പഞ്ചാബിലുമൊക്കെ കോൺഗ്രസിന്റെ അതിരുവിട്ട പ്രവർത്തനങ്ങൾ മൂലമാണ് രോഗം വ്യാപിച്ചതെന്നും മോദി ആരോപിച്ചു.
കോണ്‍ഗ്രസിന്റെ ഇത്തരം പെരുമാറ്റത്തില്‍ ഈ രാജ്യം മുഴുവന്‍ മനസ്സ് മടുത്തിരിക്കുകയാണ്. മഹാമാരി കാലത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എത്ര നേതാക്കള്‍ ജനങ്ങളോട് മാസ്‌ക് ധരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും പറഞ്ഞിട്ടുണ്ടെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി, ഇത്രയും തവണ പരാജയപ്പെട്ടിട്ടും അവർക്ക് അഹങ്കാരത്തിന് കുറവില്ലെന്നും ആരോപിച്ചു.
'യു.പി.എ സര്‍ക്കാര്‍ പാവങ്ങളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. അതിന് മറുപടിയായി ജനങ്ങള്‍ ഇന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കി. തെലങ്കാനയെ നിര്‍മ്മിച്ചത് നിങ്ങളാണെന്ന് പറയുന്നു. എന്നാല്‍ അവിടുത്തെ പൊതുജനങ്ങള്‍ പോലും അത് നിഷേധിക്കുന്നു. പതിറ്റാണ്ടുകളായി പശ്ചിമ ബംഗാൾ, ത്രിപുര, തമിഴ്നാട് പോലുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിന്റെ ഏഴയലത്ത് എത്തിയിട്ടില്ല. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളൊന്നും കോൺഗ്രസിനെ സ്വീകരിക്കാൻ തയാറല്ല. പതിറ്റാണ്ടുകളായി പലതവണ തോറ്റിട്ടും കോൺഗ്രസിന്റെ അഹങ്കാരം കുറഞ്ഞിട്ടുമില്ല' -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.