രാഹുൽ എന്തു ചെയ്തുവെന്ന് കലാവതി തന്നെ പറയുന്നത് കേൾക്കൂ; അമിത് ഷാക്ക് മറുപടിയുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: മണിപ്പുര്‍ വിഷയത്തില്‍ പാർലമെന്‍റിൽ ഇന്നലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരാമർശിച്ചത് കലാവതി എന്ന കർഷക സ്ത്രീയുടെ പേരാണ്. 2008ൽ രാഹുലിന്‍റെ ലോക്സഭാ പ്രസംഗത്തിലൂടെ ദേശീയശ്രദ്ധ നേടിയ കലാവതിക്ക് വേണ്ടി കോൺഗ്രസ് എന്താണ് ചെയ്തതെന്നും അവരുടെ ജീവിത നിലവാരം ഉയർത്തിയത് മോദി സർക്കാറാണെന്നുമാണ് അമിത് ഷാ അവകാശപ്പെട്ടത്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ്.
കടക്കെണി കാരണം ആത്മഹത്യ ചെയ്ത മഹാരാഷ്ട്ര വിദര്‍ഭ സ്വദേശിയായ കര്‍ഷകന്‍റെ ഭാര്യയാണ് കലാവതി ഭന്ദോർകർ. കർഷകരുടെ കൂട്ട ആത്മഹത്യയിലൂടെ കുപ്രസിദ്ധി നേടിയ വിദര്‍ഭയിൽ രാഹുൽ ഗാന്ധി എത്തുകയും കലാവതിക്ക് സഹായവാഗ്ദാനം നൽകുകയും ഇവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന്, അന്നത്തെ യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തിനിടെയായിരുന്നു രാഹുൽ കലാവതിയുടെ ജീവിതം പരാമർശിച്ചത്. മഹാരാഷ്ട്രയിലെ കർഷകരുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ, കലാവതിക്ക് സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി.
കലാവതിക്ക് രാഹുൽ വാഗ്ദാനം നൽകിയതിന് ശേഷം ആറു വർഷം യു.പി.എ അധികാരത്തിലുണ്ടായിട്ടും അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഇന്നലെ അമിത് ഷായുടെ അവകാശവാദം. മോദി സർക്കാറാണ് അവർക്ക് വീടും വൈദ്യുതിയും നൽകിയതെന്നും ഷാ അവകാശപ്പെട്ടിരുന്നു. 'കലാവതി എന്ന ഒരു സ്ത്രീയുടെ വീട്ടില്‍ ആ നേതാവ് ഒരിക്കല്‍ സന്ദര്‍ശനം നടത്തി. അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണവും കഴിച്ചു. പിന്നീട് അവരുടെ കഷ്ടപ്പാടുകളെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും പാര്‍ലമെന്‍റില്‍ വാചാലനായി. അതു കഴിഞ്ഞ് ആറു വര്‍ഷം അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ എന്താണ് അവര്‍ക്ക് നല്‍കിയത്. മോദി സര്‍ക്കാര്‍ അവര്‍ക്ക് വീടും വൈദ്യുതിയും പാചകവാതകവും റേഷനും ശൗചാലവും നല്‍കി' - അമിത് ഷാ പറഞ്ഞു.
ഇതിന് മറുപടിയായാണ് രാഹുൽ തനിക്ക് ചെയ്തുതന്ന സഹായങ്ങളെ കുറിച്ച് കലാവതി തന്നെ പറയുന്ന വിഡിയോ കോൺഗ്രസ് പുറത്തുവിട്ടത്. ബി.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലെ ഭാഗമാണിത്. 'എന്നെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ചത് രാഹുൽ ഗാന്ധിയാണ്. ആദ്യം സഹായമായി മൂന്ന് ലക്ഷവും പിന്നീട് 30 ലക്ഷവും തന്നു' -വിഡിയോയിൽ കലാവതി പറയുന്നു. രാഹുലിനെ വീണ്ടും കാണണമെന്ന ആഗ്രഹവും ഇവർ പങ്കുവെക്കുന്നുണ്ട്.
2008ൽ രാഹുൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് കലാവതി മഹാരാഷ്ട്രയിലെ ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രതീകമായി മാറിയത്. രാഹുലിന്‍റെ ഇടപെടലിനെ തുടർന്ന് ഒരു സന്നദ്ധ സംഘടന ഇവർക്ക് 30 ലക്ഷം രൂപ സഹായം നൽകിയിരുന്നു. മാസംതോറും പലിശയിനത്തിൽ 25,000 രൂപ കലാവതിക്ക് ലഭിക്കുന്ന വിധത്തിൽ ഈ തുക ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.
രാഹുൽ കലാവതിയെ സഹായിച്ചില്ലെന്ന അമിത് ഷായുടെ പ്രസംഗം നുണയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജയ്റാം രമേശും രംഗത്തെത്തി. 'അമിത് ഷാ അദ്ദേഹത്തിന്‍റെ ആചാര്യൻ പഠിപ്പിച്ച പാത പൂർണമായും പിന്തുടരുകയാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ പാർലമെന്‍റിൽ എന്തും പറയുകയാണ്. രാഹുൽ ഗാന്ധി തനിക്കായി എന്താണ് ചെയ്തതെന്ന് കലാവതി തന്നെ പറഞ്ഞിട്ടുണ്ട്' -ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.