പ്രധാന നേതാക്കൾ കോൺഗ്രസിനെ കയ്യൊഴിയുന്നു; നേതൃത്വത്തിനെതിരെ വിമർശനവുമായി കപിൽ സിബൽ
text_fieldsന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധിയുടെ മൂർധന്യത്തിൽ നിൽക്കവേ, നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. പ്രധാന നേതാക്കൾ കോൺഗ്രസിനെ കയ്യൊഴിയുകയാണ്. നേതൃത്വം വിശ്വസ്തരായി കരുതുന്നവർ പാർട്ടി വിട്ടുപോകുകയാണ്. അടുപ്പമില്ലെന്ന് കരുതുന്നവരാണ് നിലനിൽക്കുന്നത്. പാർട്ടി വിട്ടവർ തിരികെയെത്തണം. കോൺഗ്രസിന് മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂവെന്നും കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ല. ആരാണ് ഇപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ഞങ്ങൾ അറിയുന്നില്ല. എന്തുകൊണ്ടാണ് നേതാക്കൾ പാർട്ടി വിടുന്നത്? അത് നമ്മുടെ കുഴപ്പമാണോയെന്ന് പരിശോധിക്കണം. കോൺഗ്രസ് ഒരിക്കലും എത്തിച്ചേരേണ്ടതില്ലാത്ത ഒരു സാഹചര്യത്തിലാണ് ഇന്നുള്ളത്.
കഴിഞ്ഞ വർഷം നേതൃത്വത്തിന് കത്തെഴുതിയ സമാനമനസ്കരുടെ പ്രതിനിധിയായാണ് ഞാൻ പറയുന്നത്. ഹൃദയവേദനയോടെയാണ് ഇപ്പോൾ നിൽക്കുന്നത്. മഹത്തായ ചരിത്രമുള്ള ഒരു പാർട്ടിയുടെ ഭാഗമാണ് ഞാൻ. ഇപ്പോഴത്തെ അവസ്ഥ കണ്ടുകൊണ്ടിരിക്കാൻ മാത്രം സാധിക്കുന്നതല്ല -കപിൽ സിബൽ പറഞ്ഞു.
പാർട്ടി വിട്ടുപോകുന്നവരുടെ കൂട്ടത്തിലല്ല ഞങ്ങൾ. ഇത് വിരോധാഭാസമാണ്. പാർട്ടി നേതൃത്വവുമായി അടുപ്പമുണ്ടായിരുന്നവർ പാർട്ടി വിട്ടുപോകുന്നു. എന്നാൽ, അടുപ്പമില്ലാത്തവരെന്ന് നേതൃത്വം കരുതുന്നവർ ഇപ്പോഴും പാർട്ടിക്കൊപ്പം നിൽക്കുന്നു -കപിൽ സിബൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.