കോൺഗ്രസിന് പരാജയഭീതി; എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കാത്തതിനെ വിമർശിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: എക്സിറ്റ്പോൾ ചർച്ചകളിൽ പങ്കെടുക്കാത്ത കോൺഗ്രസ് നടപടിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് നിഷേധാത്മക നിലപാടാണ് തുടരുന്നതെന്ന് അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ മുഴുവൻ അധികാരത്തിലെത്തുമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ യാഥാർഥ്യമെന്താണെന്ന് അവർക്കറിയാം. എക്സിറ്റ്പോളുകൾ കോൺഗ്രസിന്റെ കനത്ത പരാജയമാവും പ്രവചിക്കുക. അതുകൊണ്ട് മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് അവർ ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു.
കുറേ വർഷങ്ങളായി എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വരാറുണ്ട്. തോൽവി ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ അത് എങ്ങനെ വിശദീകരിക്കുമെന്ന് അറിയാത്തതിനാലാണ് ചർച്ചകൾ കോൺഗ്രസ് ബഷിഷ്‍കരിച്ചത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം അവർക്ക് നിഷേധാത്മക സമീപനമാണെന്നും അമിത് ഷാ വിമർശിച്ചു.
ജൂൺ നാലിന് യഥാർഥ ഫലം വരാനിരിക്കെ, ചാനലുകളിലെ ഊഹാപോഹ ചർച്ചകളിലും വാചകമടിയിലും കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പാർട്ടി വക്താവ് പവൻ ഖേഡ പറഞ്ഞിരുന്നു. ‘വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തി, ജനവിധി ഉറപ്പിച്ചു. ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടി.ആർ.പിക്ക് വേണ്ടി ഊഹാപോഹങ്ങളിലും സ്ലഗ്ഫെസ്റ്റുകളിലും ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല.
എക്സിറ്റ് പോൾ സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസ് പങ്കെടുക്കില്ല. ഏതൊരു സംവാദത്തിന്‍റെയും ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം. ജൂൺ നാലു മുതൽ ഞങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കും’ -പവൻ ഖേറ എക്സിൽ കുറിച്ചു.
ഊഹാപോഹങ്ങൾ കൊണ്ട് എന്താണ് കാര്യം? ചാനലുകളുടെ ടി.ആർ.പി കൂട്ടാൻ വേണ്ടി നമ്മൾ എന്തിന് അനാവശ്യ ചർച്ചകളിൽ മുഴുകണം? വാതുവെപ്പിൽ ഏർപ്പെട്ടിരിക്കുന്ന ചില ശക്തികളുണ്ട്. നമ്മൾ എന്തിന് അതിന്‍റെ ഭാഗമാകണം?. ഓരോരുത്തർക്കും അവർ ആർക്കാണ് വോട്ട് ചെയ്തതെന്ന് അറിയാം. ജൂൺ നാലിന് ഓരോ പാർട്ടികൾക്കും എത്ര വോട്ട് ലഭിച്ചെന്ന് അറിയാനാകും. ജൂൺ നാലിന് ശേഷം ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം പിന്നീട് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.