തെറ്റുകൾ മറച്ചുവെക്കാൻ കോൺഗ്രസ് നേതാക്കൾ കള്ളം പ്രചരിപ്പിക്കുന്നു -അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് കനത്ത വിമർശനവുമായി രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സ്വന്തം തെറ്റുകൾ മറച്ചുവെക്കാനായി കോൺഗ്രസ് നേതാക്കൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബിലെ കോൺഗ്രസിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്തിന്‍റെയും മുതിർന്ന നേതാവ് രൺദീപ് സുർജേവാലയുടെയും പ്രസ്താവനകളെ തെറ്റുകളുടെ തമാശയെന്നാണ് അമരീന്ദർ വിശേഷിപ്പിച്ചത്. പഞ്ചാബിലെ 79 കോൺഗ്രസ് എം.എൽ.എമാരിൽ 78 പേരും അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തുനൽകിയതായാണ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം മുമ്പുവരെ 43 എം.എൽ.എമാർ ഹൈകമാൻഡിന് കത്തുനൽകിയെന്നാണ് ഹരീഷ് റാവത്ത് പറഞ്ഞതെന്ന് അമരീന്ദർ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടിയാകെ നവ്ജ്യോത് സിങ് സിദ്ദുവിന്‍റെ തമാശ നാടകത്തിന്‍റെ ഭാഗമായിക്കഴിഞ്ഞെന്നാണ് ഇത് വ്യക്തമാക്കുന്നത്. നാളെ 117 എം.എൽ.എമാർ എനിക്കെതിരെ കത്തുനൽകിയെന്ന് അവർ അവകാശപ്പെടും.
ഇതാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ. ഒത്തൊരുമയോടെ ഒരു നുണ പറയാൻ പോലും നേതാക്കൾക്ക് സാധിക്കുന്നില്ല. കോൺഗ്രസ് പാടെ തകർന്നിരിക്കുകയാണ്. ദിവസം ചെല്ലുന്തോറും പ്രതിസന്ധി വർധിക്കുന്നു. മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും പാർട്ടിയുടെ പോക്കിൽ അസംതൃപ്തരാണ് -അമരീന്ദർ പറഞ്ഞു.
കോൺഗ്രസ് വിടുമെന്ന് അമരീന്ദർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ബി.ജെ.പിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.