2023 അവസാനം കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും -ഡി.കെ ശിവകുമാർ
text_fieldsബംഗളൂരു: 2023-ന്‍റെ അവസാനത്തോടെ സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. അതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബംഗളൂരുവിന്‍റെ പഴയ പ്രതാപം തിരിച്ച് പിടിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ടെക് സ്റ്റാർട്ടപ്പുകളോട് ഹൈദരാബാദിലേക്ക് മാറാൻ തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു നിർദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്. ബംഗളൂരുവിൽ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംരംഭകനായ രവീഷ് നരേഷ് മാർച്ച് 30ന് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
കോറമംഗലയിലെ (ഇന്ത്യയുടെ സിലിക്കൺ വാലി) സ്റ്റാർട്ടപ്പുകൾ ഇതിനോടകം തന്നെ കോടിക്കണക്കിന് നികുതിയാണ് സംസ്ഥാനത്തിന് നേടിക്കൊടുക്കുന്നത്. എന്നിട്ടും ഞങ്ങളുടെത് മോശം റോഡുകളാണ്. ദിവസേനയുള്ള പവർക്കെട്ടുകൾ, ഗുണനിലവാരമില്ലാത്ത ജലവിതരണം എന്നിവയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ സിലിക്കൺ വാലിയേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള പല ഗ്രാമപ്രദേശങ്ങളും ഇപ്പോൾ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് മറുപടിയായി നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്ത് ഹൈദരാബാദിലേക്ക് വരൂ എന്ന് കെ.ടി.ആർ പ്രതികരിച്ചു. ഞങ്ങളുടെ സംസ്ഥാനത്ത് മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും അതിന് തുല്യമായ നല്ല സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാന മന്ത്രിയുടെ പ്രതികരണം വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് ശിവകുമാർ മറുപടി നൽകി. 2023ന്‍റെ അവസാനത്തോടെ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്നും ബംഗളൂരുവിന്‍റെ പഴയ പ്രതാപങ്ങൾ തിരിച്ച് പിടിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.