കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണം; വിമർശനവുമായി മനീഷ് തിവാരി
text_fieldsന്യൂഡൽഹി: ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവ് മനീഷ് തിവാരി. പാർട്ടി നേതൃത്വം ആത്മപരിശോധന നടത്താൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമവായം നടപ്പാക്കിയിരുന്നെങ്കിൽ നിലവിലെ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. പാർട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും രണ്ടു വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ്. അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു. രാജ്യവും കോൺഗ്രസും ചിന്തിക്കുന്നത് രണ്ടു തരത്തിലാണ്. ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശേഷിയില്ലാത്തവരാണ് നിലവിൽ പാർട്ടിയെക്കുറിച്ച് വലിയ കാര്യങ്ങൾ സംസാരിക്കുന്നത്. ഗുലാം നബി ആസാദിന്റെ കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിനെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്ത് വരുന്നത് കോൺഗ്രസിനകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കപിൽ സിബൽ അടുത്തിടെയാണ് കോൺഗ്രസ് വിട്ട് എസ്.പിയിൽ ചേർന്നത്. ഇതിന് പിന്നാലെയാണ് ഗുലാം നബിയുടെ രാജി. ആനന്ദ് ശർമ, ശശി തരൂർ തുടങ്ങിയവരും നേതൃത്വത്തിന്റെ നീക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.