കോൺഗ്രസ് കൂച്ചുവിലങ്ങിൽ
text_fieldsന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായവകുപ്പ് നടപടി ലോക്സഭ തെരഞ്ഞെടുപ്പു കളത്തിൽ കോൺഗ്രസിന് കൂച്ചുവിലങ്ങായി. എതിരിടാൻ ശക്തി
ചോർത്തുന്ന വിധം പാർട്ടിയെ സാമ്പത്തികമായി പാപ്പരാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രിത ശ്രമം നടത്തുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ബാങ്ക് ഇടപാട് നടത്താൻ കഴിയാത്ത സ്ഥിതിക്കെതിരെ നിയമനടപടികൾ ശക്തമാക്കാനും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് എന്നിവർ പാർട്ടി ആസ്ഥാനത്ത് അസാധാരണ വാർത്തസമ്മേളനം വിളിച്ചാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയിരിക്കെ, കോൺഗ്രസ് നേരിടുന്ന ധനപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതുകൂടിയായി അത്.
സീതാറാം കേസരി കോൺഗ്രസ് പ്രസിഡന്‍റായിരുന്ന കാലത്തേതടക്കം, സമർപ്പിക്കാൻ വൈകിയ ഏതാനും ആദായനികുതി റിട്ടേണുകളുടെ പേരിലാണ് ആദായനികുതി വകുപ്പ് തെരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ പിടിമുറുക്കിയത്. നാലു ബാങ്കുകളിലെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും 115.32 കോടി രൂപ അക്കൗണ്ടുകളിൽനിന്ന് വസൂലാക്കുകയും ചെയ്തിരിക്കുകണെന്ന് കോൺഗ്രസ് വിശദീകരിച്ചു.
എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു. തെരഞ്ഞെടുപ്പുകാലത്തെ ഈ നടപടി കോൺഗ്രസിനു മാത്രമല്ല, രാജ്യത്തെ ജനാധിപത്യത്തിനുതന്നെ പ്രഹരമാണ്. പ്രചാരണപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പിൽ പോരാടാനുള്ള കോൺഗ്രസിന്‍റെ ശേഷി തകർത്തു. തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും പ്രചാരണം നടത്താൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇതിന് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ചേ മതിയാവൂ -മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പറഞ്ഞു.
ജനങ്ങൾ സംഭാവന ചെയ്ത പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് കോൺഗ്രസിനോടുള്ള ക്രിമിനൽ ചെയ്തിയാണ്. ഇന്ത്യയിൽ ഇന്ന് ജനാധിപത്യമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നു പറയുന്നത് നുണയാണ്. ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുമെന്ന് കരുതേണ്ട സ്ഥാപനങ്ങൾ ഒന്നും ചെയ്യുന്നില്ല. കോൺഗ്രസിനെ സാമ്പത്തികമായി ഞെരുക്കാൻ പ്രധാനമന്ത്രി ആസൂത്രിത ശ്രമം നടത്തുകയാണെന്ന് സോണിയ കൂട്ടിച്ചേർത്തു.
ഇലക്ടറൽ ബോണ്ടിന്‍റെ സിംഹഭാഗവും ബി.ജെ.പിക്കാണ് ലഭിച്ചത്. അതേസമയം, പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് പണം ചെലവാക്കാനാവാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ബാനറും പോസ്റ്ററും മറ്റു തെരഞ്ഞെടുപ്പു പ്രചാരണ സംവിധാനങ്ങളും പണമില്ലാതെ എങ്ങനെ സജ്ജമാക്കും? മുമ്പൊരിക്കലും ഇതു സംഭവിച്ചിട്ടില്ല. പാർട്ടികൾ ആദായ നികുതി നൽകണമെന്ന് വ്യവസ്ഥയുമില്ല -നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.