കോൺഗ്രസ് പഴയ പ്രതാപം ഓർത്തെടുക്കുന്ന ഭൂവുടമകളെപ്പോലെ -ശരദ് പവാർ
text_fieldsമുംബൈ: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും ദേശീയ തലത്തിൽ പാർട്ടിയുടെ പ്രധാന്യം വിവരിച്ചും എൻ.സി.പി നേതാവ് ശരദ് പവാർ. നേതൃത്വത്തിന്‍റെ കാര്യം വരുേമ്പാൾ കോൺഗ്രസ് നേതാക്കൾ സെൻസിറ്റീവാകുമെന്ന് പറഞ്ഞ അദ്ദേഹം ഭൂവുടമകൾ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചുപറയുന്നതുപോലെയാണ് കോൺഗ്രസെന്നും പറഞ്ഞു. മറാത്തി വെബ് ചാനലായ മുംബൈ തക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ പ്രതിപക്ഷത്തിന്‍റെ ഐക്യമില്ലായ്മയെക്കുറിച്ച് ചോദിച്ചപ്പോൾ കോൺഗ്രസിലെ തന്നെ ചില നേതാക്കൾ അവരുടെ നേതൃത്വത്തെക്കുറിച്ച് സെൻസിറ്റീവ് ആണെന്നായിരുന്നു പവാറിന്‍റെ പ്രതികരണം.
'വലിയ ഭൂസ്വത്തും കൊട്ടാരവുമെല്ലാം സ്വന്തമായുണ്ടായിരുന്ന യു.പി ജമീന്ദാർമാരെക്കുറിച്ച് പറഞ്ഞില്ലേ. ഭൂമിയുടെ കൈവശ പരിധി നിശ്ചയിച്ചതോടെ ഇത് 15 മുതൽ 20 ഏക്കർ വരെ മാത്രമായി. അവരുടെ കൊട്ടാരങ്ങൾ നിലനിർത്താൻ പോലും അവകാശമില്ലാതായി. എല്ലാദിവസവും രാവിലെ അവർ എഴുന്നേൽക്കും, ഭൂമിയിലേക്ക് നോക്കും ഇതെല്ലാം ഒരുകാലത്ത് ഞങ്ങളുടേതായിരുന്നുവെന്ന് പറയും. ഈ മാനസികാവസ്ഥ തന്നെയാണ് കോൺഗ്രസിനും. യാഥാർഥ്യം അവർ അംഗീകരിക്കണം' -ശരദ് പവാർ പറഞ്ഞു.
ബി.ജെ.പിക്ക് ബദലാകാൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് 40-45 എം.പിമാർ മാത്രമാണെങ്കിലും മുൻകാലങ്ങളിൽ കോൺഗ്രസ് ശക്തമായിരുന്നു. ആ സമയങ്ങളിൽ 140 ഓളം അംഗബലം ഉണ്ടായിരുന്നു. എന്നാൽ, രാജ്യത്ത് പ്രസക്തമായ ഒരു പാർട്ടി കോൺഗ്രസ് മാത്രമാണ്. ഇപ്പോഴൂം അഞ്ച്-ഏഴ് സംസ്ഥാനങ്ങളിൽ സർക്കാറുണ്ട്. ബി.ജെ.പിക്ക് ബദലാകുന്ന ദേശീയതലത്തിൽ സാന്നിധ്യമുള്ള ഒരേയൊരു പാർട്ടി കോൺഗ്രസാണ് -പവാർ പറഞ്ഞു.
തനിക്ക് പ്രശാന്ത് കിഷോറിൻറെ ആവശ്യമില്ല. എനിക്ക് യാതൊരു സ്ഥാനങ്ങളിലും ഇപ്പോൾ താൽപര്യമില്ല. എന്നാൽ, പ്രതിപക്ഷത്തെ ഒരുമിച്ച് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശാന്ത് കിഷോറും അദ്ദേഹവും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.