പുത്തനുണർവ്വിനായി 25 പുതുമുഖങ്ങളെ വളർത്തിയെടുക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: സംഘടനാബലം തിരിച്ചു പിടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യത്തെ ഓരോ സംസ്ഥാനത്തും 25 പുതുമുഖങ്ങളെ വളർത്തിയെടുക്കാനുള്ള പരിശീലനപദ്ധതി ആവിഷ്കരിച്ചിരിക്കയാണ് കോൺഗ്രസ്. നിലവിൽ പല സംസ്ഥാനങ്ങളിലും സംഘടനാസംവിധാനം അതീവദുർബലമാണെന്ന് നേതൃത്വം വിലയിരുത്തുകയാണ്. പുതിയ സാഹചര്യത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച, മികച്ച സംഘാടനശേഷിയുള്ളവർക്ക് മുൻഗണന കൊടുക്കാനാണ് ഹൈക്കമാൻഡ് പറയുന്നത്. കോൺഗ്രസിന്റെ ഭാഗമായ രാജീവ് ഗാന്ധി പഞ്ചായത്ത്‌രാജ് സംഘടന നേതൃത്വം നൽകുന്ന പദ്ധതിയിൽ കേരളം, കർണാടക, തമിഴ്നാട് എന്നിവയുൾപ്പെട്ട തെക്കൻ മേഖലയുടെ ചുമതല മലയാളികളായ ഡി.ഗീതാകൃഷ്ണൻ, കെ.ടി.ബെന്നി എന്നിവർക്കാണ് നൽകിയിരിക്കുന്നത്.
ഇതിനിടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകളിൽ പ്രത്യേക ശ്രദ്ധ നൽകാനുള്ള പ്രവർത്തനരേഖ കോൺഗ്രസ് തയാറാക്കി. 2019ൽ പാർട്ടി തോറ്റ 121 സംവരണ സീറ്റുകളിൽ 56 എണ്ണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചു. ഇവയിൽ ഏറെയും ബി.ജെ.പിയുമായി നേരിട്ടു മത്സരിക്കുന്ന സീറ്റുകളാണ്. എൻ.ഡി.എ കക്ഷികളുടെ സീറ്റുകൾ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും പട്ടിക – പിന്നാക്ക വിഭാഗങ്ങൾക്കും കേന്ദ്ര ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കുന്ന ജാതി സെൻസസ് രാജ്യത്തുടനീളം നടപ്പാക്കുമെന്നതായിരിക്കും സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് ഉന്നയിക്കുക. സംവരണ സീറ്റുകളിലെ ബി.ജെ.പിയുടെ സ്വാധീനമാണ് 2014, 19 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിനു വഴിവച്ചതെന്നാണു ഹൈക്കമാൻഡിന്റെ കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.