ഞാൻ രാഷ്ട്രീയത്തിലിറങ്ങിയതിന് കാരണം കോൺഗ്രസ്: അരവിന്ദ് കെജ്രിവാൾ
text_fieldsപനജി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഫെബ്രുവരി 14ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.എ.പിക്ക് വേണ്ടി ഗോവയിൽ നടത്തിയ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ദേശീയ പാർട്ടിയായ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അതിനാലാണ് തന്നെപ്പോലുള്ള നിരവധി ആളുകൾക്ക് രാഷ്ട്രീയത്തിൽ വരേണ്ടി വന്നതെന്നും കേജ്രിവാൾ പറഞ്ഞു.
എ.എ.പി നേതാവിനെ ഛോട്ടാ മോദി എന്ന് വിളിച്ച് ഗോവയിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വിമർശനം. തീരദേശ സംസ്ഥാനമായ ഗോവയിൽ പരാജയപ്പെടാൻ സാധ്യതയുള്ള ബി.ജെ.പിക്ക് 'കവർ ഫയർ' ആകാൻ വേണ്ടിയാണ് എ.എ.പി ഗോവയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞിരുന്നു.
'സുർജേവാല എന്ത് വേണമെങ്കിലും പറയട്ടെ, സ്വപ്നത്തിൽ പോലും രൺദീപ് തന്നെ പ്രേതമായാണ് കണക്കാക്കുന്നത്. എല്ലാ സമയത്തും 24 മണിക്കൂറും രൺദീപിന്‍റെ മനസ്സിൽ ഞാനുണ്ട്, അതുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ വിമർശിച്ചുകൊണ്ടേയിരിക്കുന്നത്' എന്നും കെജരിവാൾ കൂട്ടിച്ചേർത്തു.
തന്നെ വിമർശിക്കുന്നതിന് പകരം കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സമയം കണ്ടെത്തണം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് കെജരിവാളിന്‍റെ ആവശ്യമുണ്ടാകില്ലായിരുന്നു. ജനങ്ങൾ എ.എ.പിയെ തെരഞ്ഞെടുക്കുന്നത് പാർട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ കൊണ്ടാണെന്നും കെജരിവാൾ പറഞ്ഞു.
തന്‍റെ പാർട്ടിയുടെ നീക്കങ്ങൾ അതേപടി അനുകരിക്കുന്ന കോൺഗ്രസ്സിനെ കെജ്രിവാൾ പരിഹസിച്ചു. ഗോവയിലെ കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ വിശ്വസ്തരായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. സമാന രീതികൾ ഗോവയിൽ എ.എ.പി സ്ഥാനാർഥികൾ നടത്തിയതിനു പിന്നാലെയാണിത്. എ.എ.പി ചെയ്യുന്ന നല്ല പ്രവർത്തികൾ കൂടി കോൺഗ്രസ് ഏറ്റെടുക്കട്ടെയെന്നും, അത്തരത്തിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ കൂടി പദ്ധതികൾ നടപ്പാക്കട്ടെയെന്നും കേജ്രിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.