തമിഴകത്ത് പരമാവധി നേട്ടം കൊയ്യാൻ കോൺഗ്രസ്
text_fieldsചെന്നൈ: തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യത്തിൽ പരമാവധി നേട്ടം കൊയ്യാൻ കോൺഗ്രസ്. പുതുച്ചേരി ഉൾപ്പെടെ തമിഴകത്തിലെ 40 ലോക്സഭ സീറ്റുകളിൽ, മൽസരിക്കുന്ന പത്തു സീറ്റുകളും കൈക്കലാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും സിറ്റിങ് എം.പിയുമായ കാർത്തി ചിദംബരം വീണ്ടും ശിവഗംഗയിൽ മത്സരിക്കുന്നു. സിറ്റിങ് വനിത എം.പി ജ്യോതിമണി കരൂരിൽ ജനവിധി തേടുന്നു. പാർട്ടി വിപ്പായിരുന്ന മാണിക്കം ടാഗോർ വിരുതുനഗറിലും അന്തരിച്ച വ്യവസായിയും കോൺഗ്രസ് നേതാവുമായ എച്ച്. വസന്ത്കുമാറിന്റെ മകൻ വിജയ് വസന്ത് കന്യാകുമാരിയിലുമാണ് മൽസരിക്കുന്നത്.
കന്നി മൽസരത്തിനിറങ്ങുന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ തിരുവള്ളൂർ സംവരണ മണ്ഡലത്തിലാണ് നിൽക്കുന്നത്. ശശികാന്ത് നേരത്തെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാർ റൂമിന്റെ തലവനായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലും (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്ററിലും (എൻ.ആർ.സി) പ്രതിഷേധിച്ച് സർവിസിൽനിന്ന് രാജിവച്ച ശേഷം 2020ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു.
കടലൂരിൽ എം.കെ. വിഷ്ണുപ്രസാദ്, മയിലാടുതുറൈയിൽ ആർ. സുധ, തിരുനെൽവേലിയിൽ റോബർട്ട് ബ്രൂസ്, കൃഷ്ണഗിരിയിൽ കെ. ഗോപിനാഥ് എന്നിവരാണ് മറ്റ് കോൺഗ്രസ് സ്ഥാനാർഥികൾ. പുതുച്ചേരിയിൽ സിറ്റിങ് എം.പി വി. വൈദ്യലിംഗം വീണ്ടും മത്സരിക്കും.
മയിലാടുതുറൈ, തിരുനെൽവേലി, കടലൂർ എന്നിവയാണ് ഇത്തവണ തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്ന പുതിയ സീറ്റുകൾ. കഴിഞ്ഞ തവണ പാർട്ടി മത്സരിച്ച തേനി, ആറണി, തിരുച്ചിറപ്പള്ളി മണ്ഡലങ്ങളാണ് ഒഴിവാക്കിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഒൻപത് ലോക്സഭ സീറ്റുകളിൽ എട്ടും കോൺഗ്രസ് നേടി 11.49 ശതമാനം വോട്ടുകൾ കരസ്ഥമാക്കി. ഇതോടൊപ്പം പുതുച്ചേരിയിലും 56 ശതമാനം വോട്ട് നേടി കോൺഗ്രസിലെ വി. വൈദ്യലിംഗം വിജയിച്ചു. കഴിഞ്ഞ തവണ തേനിയിൽ കോൺഗ്രസിന്റെ ഇ.വി.കെ.എസ് ഇളങ്കോവൻ മാത്രമാണ് പരാജയപ്പെട്ടത്. അവിടെ ഒ. പന്നീർശെൽവത്തിന്റെ മകൻ പി. രവീന്ദ്രനാഥ്(അണ്ണാ ഡി.എം.കെ) ആണ് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാനത്ത് ഡി.എം.കെ സഖ്യത്തിലുള്ള സി.പി.എമ്മും സി.പി.ഐയും രണ്ടുവീതം സീറ്റിലാണ് മൽസരിക്കുന്നത്. സിറ്റിങ് സീറ്റായ മധുരയും ദിണ്ഡിഗലുമാണ് സി.പി.എമ്മിന് ലഭിച്ചത്. തിരുപ്പൂർ, നാഗപട്ടണം സീറ്റുകളിൽ സി.പി.ഐ മത്സരിക്കുന്നു. ദിണ്ഡിഗലിൽ സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിലാണ് മുഖ്യ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.