2019 പൊതുതെരഞ്ഞെടുപ്പ്: ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിന് തീരുമാനം
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിെൻറ മന്ത്രിസഭയിലെ വകുപ്പുകളുടെ കാര്യത്തിൽ ധാരണ. മാരത്തോൺ ചർച്ചകൾക്കുശേഷം കാര്യമായ തർക്കങ്ങളില്ലാതെയാണ് വകുപ്പ് വിഭജനം പൂർത്തിയാക്കുന്നത്. 34 മന്ത്രിസ്ഥാനങ്ങളിൽ 22 എണ്ണം കോൺഗ്രസിനും 12 എണ്ണം ജെ.ഡി.എസിനും നൽകാൻ ധാരണയായെന്നും ഇക്കാര്യത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന് ആഭ്യന്തരവും ജെ.ഡി.എസിന് ധനകാര്യവും ലഭിക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ ആറിന് നടക്കും.
ധനകാര്യവകുപ്പിെൻറ കാര്യത്തിൽ മാത്രമായിരുന്നു തർക്കം. ഈ സഖ്യസർക്കാറിെൻറ നിലനിൽപ് ഇപ്പോൾ രാജ്യത്തിന് ആവശ്യമാണെന്ന രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന്, ധനകാര്യം ജെ.ഡി.എസിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. ധനകാര്യം മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ആഭ്യന്തരം ഉപമുഖ്യമന്ത്രി ജി. പരമേശ്വരക്ക് നൽകും. വെള്ളിയാഴ്ച രാവിലെവരെ ചെറിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. എച്ച്.ഡി ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി, ഡാനിഷ് അലി എന്നിവരുമായി സംസാരിച്ചശേഷമാണ് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സഖ്യം രൂപവത്കരിക്കും. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ അഞ്ചുവർഷം പൂർത്തിയാക്കാൻ കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചു പ്രവൃത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരും. വകുപ്പുകളും മന്ത്രിസ്ഥാനങ്ങളും പാർട്ടികൾ തമ്മിൽ വെച്ചുമാറില്ല. സഖ്യസർക്കാറിെൻറ അഞ്ചംഗ കോ-ഒാഡിനേഷൻ കമ്മിറ്റി ചെയർമാനായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കൺവീനറായി ജെ.ഡി.എസ് ജനറൽ സെക്രട്ടറി ഡാനിഷ് അലിയെയും നിയമിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെ.സി. വേണുഗോപാൽ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഞായറാഴ്ചതന്നെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്താൻ തയാറായിരുന്നെങ്കിലും ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് തീയതി നീട്ടിയത്. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും എല്ലാകാര്യത്തിലും സഖ്യകക്ഷികൾ തമ്മിൽ ധാരണയിലെത്തിയതായും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. പ്രഖ്യാപനത്തിന് മുമ്പെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ദേവഗൗഡയുമായും ഫോണിലൂടെ സംസാരിച്ചിരുന്നു.
കോൺഗ്രസിന് ലഭിച്ച വകുപ്പുകൾ
ആഭ്യന്തരം, റവന്യു, ബംഗളൂരു നഗര വികസനം, ജലസേചനം, വ്യവസായം, ആരോഗ്യം, ഗ്രാമ-നഗര വികസനം, കൃഷി, പാർപ്പിടം, മെഡിക്കൽ വിദ്യാഭ്യാസം, സാമൂഹികക്ഷേമം, വനവും പരിസ്ഥിതിയും, തൊഴിൽ, മൈനിങ് ആൻഡ് ജിയോളജി, വനിത-ശിശു ക്ഷേമം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ഹജ്ജ്-വഖഫ്-ന്യൂനപക്ഷ കാര്യം, നിയമം-നിയമസഭ കാര്യം, ശാസ്ത്രവും -വിവരസാങ്കേതികവിദ്യയും, യുവജനക്ഷേമവും കായികവും കന്നട സംസ്കാരവും, തുറമുഖ ഉൾനാടൻ ഗതാഗതം.
ജെ.ഡി.എസിന് ലഭിച്ച വകുപ്പുകൾ
ധനകാര്യം, എക്സൈസ്, പൊതുമരാമത്ത്, ഊർജം, സഹകരണം, ടൂറിസം, വിദ്യാഭ്യാസം (മെഡിക്കൽ വിദ്യാഭ്യാസം ഒഴികെ), ഇൻഫർമേഷൻ, പൊതുഭരണം, ഇൻറലിജൻസ്, ആസൂത്രണം-സ്റ്റാറ്റിസ്റ്റിക്സ് മൃഗസംരക്ഷണം-ഫിഷറീസ്, ഹോർട്ടികൾച്ചർ-സെറികൾച്ചർ, ചെറുകിട വ്യവസായം, ഗതാഗതം, ചെറുകിട ജലസേചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.