കർണാടകയിൽ വാരാന്ത്യ കർഫ്യൂ ലംഘിച്ച് കോൺഗ്രസിന്റെ പദയാത്ര
text_fieldsബംഗളൂരു: കർണാടകയിൽ വാരാന്ത്യ കർഫ്യൂ നിയന്ത്രണങ്ങൾ ലംഘിച്ച് പദയാത്ര ആരംഭിച്ച് കോൺഗ്രസ്. മേക്കെദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര.
കാവേരി നദിക്ക് കുറുകെ രാമനഗര ജില്ലയിലെ മേക്കെദാട്ടുവിൽ അണക്കെട്ട് നിർമിക്കുന്ന പദ്ധതിക്കെതിരെ തമിഴ്നാട് ശക്തമായ എതിർപ്പ് ഉയർത്തുന്നതിനിടെയാണ് ബി.ജെ.പി സർക്കാറിനെ സമ്മർദത്തിലാക്കാൻ നിയന്ത്രണങ്ങൾ മറികടന്ന് കോൺഗ്രസ് പദയാത്രയുമായി മുന്നോട്ടുപോകുന്നത്. പദയാത്ര തടയുന്നതിനായി രാമനഗര ജില്ലയിൽ നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിയെടുക്കുമെന്നും നോട്ടീസ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതേസമയം ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്ത് കാണിക്കൂവെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ പ്രതികരണം. രാമനഗര ജില്ലയിലെ കാവേരി- അർക്കാവതി നദികളുടെ സംഗമസ്ഥാനമായ മേക്കെദാട്ടുവിൽ ഞായറാഴ്ച രാവിലെ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പദയാത്രക്ക് തുടക്കമായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് പറഞ്ഞെങ്കിലും പ്രവർത്തകർ ഒഴുകിയെത്തുകയായിരുന്നു.
നിയന്ത്രണങ്ങൾക്കിടെയും ഇത്രയധികം പേരെ അണിനിരത്തി കോൺഗ്രസ് പദയാത്ര ആരംഭിച്ചതും ബി.ജെ.പി സർക്കാറിനെ പ്രതിരോധത്തിലാക്കി. പദയാത്ര ജനുവരി 19ന് ബംഗളൂരുവിൽ സമാപിക്കും. പദയാത്ര ബംഗളൂരു അതിർത്തിയിൽ തടയാനും സർക്കാർ നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.