പ്രചരണത്തിന് പോലും പോകാതെ വിമർശിക്കുന്നതിൽ കാര്യമെന്ത്? കപിൽ സിബലിനെതിരെ നേതാക്കൾ
text_fieldsന്യൂഡൽഹി: കോണ്‍ഗ്രസ് സ്വയം വിമർശനാത്മകായി ചിന്തിക്കണമെന്ന് കപിൽ സിബലിന്റെ വാക്കുകൾക്കെതിരെ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സൽമാൻ ഖുർഷിദിനും പിന്നാലെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് സിബലിനെതിരെ പരസ്യ വിമർശനം ഉയർത്തിയിരിക്കുന്നത്. ബിഹാറിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുണ്ടായ തോൽവിയെ തുടർന്നാണ് പരസ്യ വിഴുപ്പലക്കൽ.
'കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്കിൽ കപിൽ സിബൽ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലൊന്നും പ്രചാരണ രംഗത്ത് അദ്ദേഹത്തെ കണ്ടില്ലല്ലോ' എന്ന് അധിർ രഞ്ജൻ ചോദിച്ചു.
ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് പോയിരുന്നുവെങ്കിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് അർഥമുണ്ടായേനെ. ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായപ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യമെന്നും അധിർ രഞ്ജൻ ചോദിച്ചു.
നേരത്തെ കപില്‍ സിബലിനെതിരെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചത്-ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
കപിൽ സിബലിനെതിരെ മുൻമന്ത്രി സൽമാൻ ഖുർശിദും രംഗത്തെത്തിയിരുന്നു. പാർട്ടിയെക്കുറിച്ച ഉത്കണ്ഠ 'സംശയാലു തോമസുമാരു'ടെ അതിരില്ലാ സംശയങ്ങളാണെന്ന് ഫേസ്ബുക്കിൽ സൽമാൻ ഖുർശിദ് കുറ്റപ്പെടുത്തി.
പാർട്ടിയിൽ പറയാൻ വേദികളില്ലെന്ന വിശദീകരണത്തോടെ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബൽ നേതൃത്വത്തെ കുറ്റപ്പെടുത്തിയത്. അതേസമയം, ഇക്കാര്യത്തിൽ നേതൃതലത്തിൽനിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ബിഹാർ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ കോൺഗ്രസ് ഇതുവരെ യോഗം നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.