രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ
text_fieldsന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താൻ തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ. എന്നാൽ കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് തിരക്കില്ലെന്നും മുംതാസ് പറഞ്ഞു.
പൊതുജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഒരു വേദിയാണ് രാഷ്ട്രീയമെന്നും അതിലേക്ക് കടക്കാൻ ശരിയായ സ്ഥലവും സമയവും തേടുകയാണെന്നും പറഞ്ഞ മുംതാസ് ജനങ്ങളെ പ്രതിനിധീകരിക്കാൻ അവർ എന്നെ അനുവദിക്കുകയാണെങ്കിൽ അപ്പോൾ തീർച്ചയായും ഞാൻ വേണ്ടെന്ന് പറയില്ലെന്നും കൂട്ടിച്ചേർത്തു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുംതാസിന്റെ പ്രസ്താവനകൾ അവർ കോൺഗ്രസിൽ ചേരുന്നതിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമുള്ള സാധ്യതകളെ സജീവമാക്കി. എന്നാൽ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ മുംതാസ്, നിമിഷങ്ങൾക്കകം ആ പ്രസ്താവന തിരുത്തുകയും ചെയ്തു. പിതാവ് തുടങ്ങിവച്ച ചില നല്ല ജോലികൾ ചെയ്യാനാണ് താൻ ഇവിടെ വന്നതെന്നും ബറൂച്ചിലെ തന്റെ കുടുംബത്തിൽ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും രാഷ്ട്രീയപ്രവേശനത്തിന് ഇനിയും സമയമുണ്ടെന്നും മുംതാസ് കൂട്ടിച്ചേർത്തു.
ഇപ്പോൾ ഞാൻ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നിട്ടില്ല. എനിക്ക് ലഭിക്കുന്ന സ്നേഹവും ബഹുമാനവുമെല്ലാം ഞാൻ പട്ടേലിന്റെ മകളായതിനാൽ മാത്രമാണ്. അതിനനുസരിച്ച് ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ശക്തനായ നേതാവും സോണിയ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയുമായിരുന്ന അഹമ്മദ് പട്ടേൽ രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.
2002ലെ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കുടുക്കാൻ സോണിയ ഗാന്ധിയുടെ പ്രേരണയിൽ പട്ടേൽ ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് പിതാവ് ജീവിച്ചിരുന്നപ്പോൾ ഉന്നയിക്കാത്ത ആരോപണങ്ങൾ പൊലീസ് ഇപ്പോൾ ഉയർത്തുന്നതെന്നും ഇത് പൂർണമായും കോൺഗ്രസ് അധ്യക്ഷയെ ലക്ഷ്യമിട്ടാണെന്നും മുംതാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.