''വിമർശനമാണ് നല്ലത്; പൂച്ചെണ്ട് അപകടം'', എല്ലാവരോടും നല്ലവാക്ക് പറഞ്ഞ് ആന്‍റണി ഇന്ന് മടങ്ങുന്നു
text_fieldsന്യൂഡൽഹി: എല്ലാവരോടും നല്ലവാക്ക് പറഞ്ഞ് ദേശീയ രാഷ്ട്രീയത്തിലെ ഒരധ്യായത്തിന് വിരാമമിട്ട് എ.കെ. ആന്‍റണി വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് മടങ്ങുന്നു. ജന്തർ മന്തർ റോഡിലെ ഔദ്യോഗിക വസതിയിൽനിന്ന് ഭാര്യക്കും മകനുമൊപ്പമാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഇതിന് മുന്നോടിയായി ഡൽഹിയിലെ മലയാളി മാധ്യമപ്രവർത്തകരെ ബുധനാഴ്ച അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു, അവർക്ക് മുന്നിൽ മനസ്സ് തുറന്നു.
വിമർശനമാണ് നല്ലതെന്നും പൂച്ചെണ്ടുകൾ അപകടമാണെന്നും ആന്‍റണി പറഞ്ഞു. വിമർശിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും വിമർശകർ മിത്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദർശ രാഷ്ട്രീയത്തിന്‍റെ പേരിൽ നേരിടേണ്ടി വന്ന വിമർശനങ്ങളോടുള്ള പ്രതികരണമായിട്ടാണ് ആന്‍റണി ഇങ്ങനെ പറഞ്ഞത്. ഓരോ തീരുമാനമെടുക്കുന്നതും ഓരോ കാലഘട്ടത്തിലാണ്. അന്ന് അത് ആവശ്യമായിരുന്നു. കാലഘട്ടം മാറുമ്പോൾ നിലപാട് മാറും. കോൺഗ്രസിൽ നെഹ്റു കുടുംബം എടുത്ത തീരുമാനത്തിനെതിരെ താൻ പലപ്പോഴും വിമർശനം ഉന്നയിച്ച കാര്യവും ആന്‍റണി ചുണ്ടിക്കാട്ടി. നെഹ്റു - ഗാന്ധി കുടുംബം വിമർശനം ഉന്നയിച്ചവരെ നശിപ്പിച്ചിരുന്നുവെങ്കിൽ ആദ്യം തന്നെയായിരുന്നു നശിപ്പിക്കേണ്ടിയിരുന്നത്. ഇന്ദിര ഗാന്ധിയുടെ കാലം മുതൽ ഒരു പാട് കാര്യങ്ങളിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, വിമർശനത്തിനു പകരം പ്രോത്സാഹനമാണ് ഇന്ദിര ഗാന്ധിയിൽനിന്നുണ്ടായത്. ഗാന്ധി കുടുംബത്തിലെ എല്ലാവരിൽനിന്നും പ്രോത്സാഹനം ലഭിച്ചു. .
മക്കളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ: ''എന്‍റെ പിതാവ് വളരെ ലിബറലായിരുന്നു. എന്‍റെ ഇഷ്ടം പേലെയാണ് ഞാൻ പ്രവർത്തിച്ചത്. നാലു മക്കൾക്കും പ്രായപൂർത്തിയായി. അവരുടെ ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പരസ്പരം സ്വാധീനിക്കാൻ ശ്രമിക്കാറില്ല. നെഹ്റു-ഗാന്ധി കുടുംബമാണ് കോൺഗ്രസിന്‍റെ കരുത്ത്. അവരാണ് കോൺഗ്രസിന് മാർഗനിർദേശം നൽകുന്നതും കോൺഗ്രസിന്‍റെ ആദർശത്തെ പ്രതിനിധാനംചെയ്യുന്നതും. അവർ പാർട്ടിയെ നയിക്കാതെ 99 ശതമാനം കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണ പാർട്ടിക്ക് ലഭിക്കില്ല. ഇക്കാര്യത്തിൽ താനാരോടും തർക്കിക്കാനില്ല. ഇതിനോട് വിയോജിക്കുന്നവരേയും മാനിക്കുന്നു. പലരും ഗാന്ധി കുടുംബത്തിന്‍റെ നല്ല ഗുണങ്ങൾ മനസ്സിലാക്കിയിട്ടില്ല എന്ന് പ്രവർത്തനപരിചയമുള്ള ഒരാളെന്ന നിലയിൽ ഞാൻ പറയും.
രാജ്യത്ത് മാറ്റത്തിനുള്ള നേതൃപരമായ റോൾ കോൺഗ്രസിനുള്ളതാണ്. കോൺഗ്രസിനെ മാറ്റിനിർത്തി രാജ്യത്ത് ഒരു മാറ്റം സാധ്യമല്ല. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ധ്രുവീകരണത്തിന്‍റെയും രാഷ്ട്രീയവും സാമ്പത്തിക അസമത്വവും വളരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിന്‍റെ ഉദയ് പുർ ചിന്തൻ ശിബിർ ദേശീയ രാഷ്ട്രീയത്തിന് മുതൽക്കൂട്ടാകും. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ ചിന്തൻ ശിബിറിൽ പങ്കെടുക്കാനാകില്ല. താനില്ലെങ്കിലും പ്രാപ്തരായവർ വേണ്ടുവോളമുണ്ട്. കോൺഗ്രസിന് മരിക്കാൻ പറ്റില്ല. വരാൻ പോകുന്ന കുറെ വർഷങ്ങളിലെങ്കിലും കോൺഗ്രസ് മരിക്കില്ല. കോൺഗ്രസിന്‍റെ കാര്യത്തിൽ താൻ ശുഭാപ്തിക്കാരനാണെന്നും ആന്‍റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.