ഹരിയാനയിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ്
text_fieldsചണ്ഡീഗഡ്: ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ ബന്ധുവുമായ കരൺ ദലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് പൽവാൽ നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഡെപ്യൂട്ടി കമീഷനറുടെ ഓഫിസിലേക്ക് സംഘടിപ്പിച്ച റോഡ്ഷോയിൽ നിരവധി പിന്തുണക്കാർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദലാലിന്‍റെ തെരഞ്ഞെടുപ്പ് ഓഫിസ് ഭൂപീന്ദർ സിങ് ഹൂഡ തന്നെയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ ഹൂഡ തന്‍റെ അനുയായികൾക്ക് ദലാലിനെ പരിചയപ്പെടുത്തുകയും കോൺഗ്രസ് ഹരിയാനയിൽ സർക്കാർ രൂപീകരിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. മുൻ ക്യാബിനറ്റ് മന്ത്രിമാരായ ഹർഷ് കുമാർ ചൗധരി, വിജേന്ദ്ര സിങ് ചന്ധത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഔദ്യോഗിക പാർട്ടി ടിക്കറ്റില്ലാതെ നാമനിർദേശ പത്രിക സമർപ്പിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ലിസ്റ്റ് പുറത്തുവന്നാൽ അത് സ്ഥിരീകരിക്കുമെന്നും ദലാൽ അവകാശപ്പെട്ടു.
സെപ്റ്റംബർ 12-ന് മുമ്പ് ഔദ്യോഗിക ടിക്കറ്റ് വിവരങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് ഓഫിസർ ദലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്‍റെ നാമനിർദ്ദേശം റദ്ദാക്കപ്പെടും.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 31 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണലും നടക്കും. ഈമാസം 12ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.