ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു
text_fieldsന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും രാജിവെച്ചുള്ള കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. റിമോട്ട് കൺട്രോൾ മോഡൽ യു.പി.എയുടെ വിശ്വാസ്യത തകർത്തുവെന്നാണ് ആസാദിന്‍റെ വിമർശനം.
മുതിർന്ന നേതാവും ജമ്മു കശ്മീരിലെ മുൻ മുഖ്യ മന്ത്രിയുമായ ഗുലാം നബി ആസാദ് ഏറെ നാളായി പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിൽ പ്രധാനിയാണ് അദ്ദേഹം.
അഭിപ്രായഭിന്നതയെ തുടർന്ന് ആഗസ്റ്റ് 17ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയത്. പാർട്ടിയുടെ അഖിലേന്ത്യ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി രാജിവെച്ചതെന്ന് അഭ്യൂഹമുണ്ട്.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയിൽ റഹ്മത്തുള്ള ഭട്ടിന്‍റെയും ബസ ബീവിയുടെയും മകനായി 1949 മാർച്ച് ഏഴിനാണ് ഗുലാം നബി ആസാദിന്‍റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭദർവയിലെ ഗവ. കോളജിൽ നിന്ന് ബിരുദവും ജമ്മുവിലെ ജി.ജി.എം. സയൻസ് കോളജിൽ നിന്ന് ബി.എസ്.സി ബിരുദവും കാശ്മീർ യൂനിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടി.
1973ൽ ഭലീസയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവായ ആസാദ് 1980ലെ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ വഷീം മണ്ഡലത്തിൽ നിന്ന് കന്നി വിജയം നേടി ലോക്സഭയിലെത്തി. 1982ൽ ആദ്യമായി കേന്ദ്രമന്ത്രിയായി.
1990ൽ രാജ്യസഭാംഗമായ ആസാദ് തുടർന്ന് നാലു തവണ കൂടി രാജ്യസഭയെ പ്രതിനിധീകരിച്ചു. 2002ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോൾ രണ്ടാം ടേമിൽ 2005ൽ ആദ്യമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയായി. 2008ൽ സഖ്യകക്ഷി പി.ഡി.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന ആസാദ് 2009ൽ വീണ്ടും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2009 മുതൽ 2014 വരെ രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2015ൽ അഞ്ചാംവട്ടം രാജ്യസഭയിലെത്തിയ ആസാദ് 2014-2021 കാലയളവിൽ രാജ്യസഭ പ്രതിപക്ഷ നേതാവി. 2022 ഫെബ്രുവരിയിൽ രാജ്യസഭ കാലാവധി പൂർത്തിയാക്കിയ ആസാദ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.