നവ്ജ്യോത് സിങ് സിദ്ദു ജയിൽ മോചിതനായി
text_fieldsപാട്യാല: കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ദു പാട്യാല ജയിലിൽനിന്ന് മോചിതനായി. 1988ൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഗുർണാം സിങ് (65) എന്നയാൾ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്.
ജയിലിലെ നല്ല പെരുമാറ്റത്തെത്തുടർന്നാണ് 10 മാസത്തിനൊടുവിൽ മോചനം ലഭിച്ചത്. അതേസമയം, ജയിലിനു പുറത്തെത്തിയ സിദ്ദു കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. രാജ്യത്ത് ജനാധിപത്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും സ്ഥാപനങ്ങൾ അടിമകളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ‘കടലാസ് മുഖ്യമന്ത്രി’യാണെന്നും സിദ്ദു കുറ്റപ്പെടുത്തി.
രാജ്യത്ത് ഏകാധിപത്യമുണ്ടായപ്പോഴൊക്കെ ഒരു വിപ്ലവവും സംഭവിച്ചു. ഇന്ന് ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിദ്ദുവിനെ സ്വീകരിക്കാൻ ജയിലിനു മുന്നിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.