ഇത് രാത്രിയോ, പകലോ? അമിത് ഷാ നെഹ്റുവിനെ പുകഴ്ത്തിയത് വിശ്വസിക്കാനാകാതെ കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ച് പ്രശംസിക്കുന്നത് കേട്ടപ്പോൾ വിശ്വാസിക്കാനാവാതെ കോൺഗ്രസ് നേതാവ്. അമിത് ഷായുടെ നെഹ്റു പ്രശംസ കേട്ടപ്പോൾ ഇത് രാത്രിയാണോ പകലാണോ എന്ന് താൻ സംശയിച്ചു പോയെന്നും അധിർ ചൗധരി പറഞ്ഞു. കോൺഗ്രസിനെതിരെ ആഞ്ഞടിക്കാൻ പലപ്പോഴും നെഹ്റുവിന്റെ പേരാണ് ബി.ജെ.പി ഉപയോഗിക്കാറുള്ളത്. അതിനാൽ ഡൽഹി സർവീസ് ബില്ലിൽ ലോക് സഭയിൽ നടന്ന ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നെഹ്റുവിന്റെ പേര് പരാമർശിക്കുന്നത് കേട്ടപ്പോൾ അതിശയിച്ചുപോയെന്നും ചൗധരി പറഞ്ഞു.
നെഹ്റുവിനെയും കോൺഗ്രസിനെയും ആഭ്യന്തരമന്ത്രി പ്രശംസിച്ചത് എന്റെ കാതുകൾക്ക് വിശ്വസിക്കാനായില്ല.-ചൗധരി പറഞ്ഞു. ചൗധരിയുടെ വാക്കുകൾക്ക് മറുപടിയുമായി ഉടൻ അമിത് ഷാ എത്തി. താൻ പണ്ഡിറ്റ് നെഹ്റുവിനെ പ്രകീർത്തിച്ചതല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് ക്വാട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. അവരത് പ്രശംസയായാണ് കരുതുന്നതെങ്കിൽ എനിക്ക് ഒന്നും പറയാനില്ല.-അമിത് ഷാ വ്യക്തമാക്കി.
ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ ഡൽഹിക്കു സമ്പൂർണമായ സംസ്ഥാനാധികാരം നൽകുന്നതിനെതിരാണെന്നാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.