പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ മുടി കുത്തിപ്പിടിച്ച് വലിച്ച് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് നേരിട്ടത് അതിക്രൂരമായി.
പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസന്‍റെ മുടി കുത്തിപ്പിടിച്ച് വലിച്ച്, പൊലീസ് കാറിലേക്ക് ബലമായി തള്ളിക്കയറ്റുന്ന വിഡിയോ പുറത്തുവന്നു. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തെ ചെറുത്ത് മാധ്യമങ്ങളോട് സംസാരിക്കൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ക്രൂരമായി പെരുമാറുന്നത്.
പലതവണ ഇദ്ദേഹത്തിന്‍റെ മുടിയിൽ പൊലീസ് കുത്തിപ്പിടിച്ച് വലിക്കുന്നതും കാറിലേക്ക് ബലമായി കയറ്റുന്നതും വിഡിയോയിൽ കാണാനാകും. ഒടുവിൽ ഡൽഹി പൊലീസിനൊപ്പം ദ്രുത കർമ സേനാംഗങ്ങളും ചേർന്ന് ശ്രീനിവാസനെ കാറിലേക്ക് ബലമായി കയറ്റി ഡോർ അടച്ചു. ഇതിനിടെ പലതവണ തലയിൽ ഇടിക്കുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.
വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ പൊലീസും വെട്ടിലായി. കൈയേറ്റം ചെയ്ത ജീവനക്കാരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ, പാർലമെന്‍റ് പരിസരത്തെ ഗാന്ധി പ്രതിമക്കു മുന്നിൽനിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.