രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി
text_fieldsഹൈദരാബാദ്: ആവേശം തുളുമ്പിയ ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് എ. രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാർക്കയും സ്ഥാനമേറ്റു.
എൻ. ഉത്തം കുമാർ റെഡ്ഡി, കോമാട്ടിറെഡ്ഡി, വെങ്കട റെഡ്ഡി, സി. ദാമോദർ രാജനരസിംഹ, ഡി. ശ്രീധർ ബാബു, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, പൊന്നം പ്രഭാകർ, കൊണ്ട സുരേഖ, സീതക്ക എന്ന ഡി. അനസൂയ, തുമ്മല നാഗേശ്വര റാവുവു, ജൂപള്ളി കൃഷ്ണ റാവുവു എന്നിവരാണ് മറ്റ് മന്ത്രിമാർ.
2014ൽ സംസ്ഥാനം രൂപവത്കരിച്ച ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് രേവന്ത് റെഡ്ഡി. നിലവിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനണ് അദ്ദേഹം.
സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ സാക്ഷികളായെത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസിന്റെ ആറ് തെരഞ്ഞെടുപ്പ് ഉറപ്പുകൾ നടപ്പിലാക്കുന്നതും താൻ മുമ്പ് നൽകിയ വാഗ്ദാനപ്രകാരം ഭിന്നശേഷിക്കാരിയായ സ്ത്രീക്ക് ജോലി കൊടുക്കുന്നതുമായും ബന്ധപ്പെട്ട രണ്ട് ഫയലുകളിൽ സത്യപ്രതിജ്ഞ ചെയ്തശേഷം രേവന്ത് റെഡ്ഡി ഒപ്പുവെച്ചു. ബീഗംപേട്ടിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫിസും ഔദ്യോഗിക വസതിയുമായ പ്രഗതി ഭവന് ചുറ്റുമുള്ള ബാരിക്കേഡുകളും ഇരുമ്പ് വേലിയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊളിച്ചുനീക്കി.
2014ൽ സംസ്ഥാനം രൂപവത്കരിച്ചത് മുതൽ ഭരിച്ച ബി.ആർ.എസിനെ മലർത്തിയടിച്ചാണ് 64 സീറ്റുകളുമായി കോൺഗ്രസ് തെലങ്കാനയിൽ ഭരണം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.