ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും പ്രവർത്തിക്കുന്നത് ഒരുപോലെ - കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റേയും ഡൽഹി സർക്കാരിന്‍റേയും നയങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ജനാധിപത്യത്തിന് ഏറ്റവും മോശപ്പെട്ട സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.എൻ.ഐയോട് സംസാരിക്കുന്നതിനിടെയായിരുന്നു ദീക്ഷിതിന്‍റെ പരാമർശം.
"കേന്ദ്ര സർക്കാരിന്‍റെ നയങ്ങളും ഭരണരീതിയും ഒരു ജനാധിപത്യ രാജ്യത്തിന് ദോഷം മാത്രമാണ് ചെയ്യുന്നത്. സാധാരണക്കാരന്‍റെ ക്ഷേമത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും, ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്താൽ നിലവിലെ സർക്കാരിന്‍റെ ഭരണം ഏറ്റവും മോശമാണ്, പാവങ്ങൾക്കോ രാജ്യത്തിനോ ഈ ഭരണം കൊണ്ട് കാര്യമായ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.അതു തന്നെയാണ് ഡൽഹി ഭരിക്കുന്ന എ.എ.പി സർക്കാരിന്‍റേയും അവസ്ഥ" - സന്ദീപ് ദീക്ഷിത് പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി സർക്കാരിനെ താഴെയിറക്കാൻ ജൻ സംഘിനെ പിന്തുണച്ച് പല പാർട്ടികളും ചെയ്ത തെറ്റ് കോൺഗ്രസ് ആവർത്തിക്കരുതെന്നും ജൻ സംഘ് ആണ് രാജ്യത്ത് വിഭജന രാഷ്ട്രീയം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി സർവീസസ് ഓർഡിനൻസ് ശരിയായിരുന്നുവെന്നും എന്നാൽ അഴിമതി കേസുകളിൽ നിന്നും സ്വയരക്ഷക്കായാണ് മുഖ്യമന്ത്രി കെജ്രിവാൾ ബില്ല് എതിർത്തതെന്നും ദീക്ഷിത് പറഞ്ഞു.
രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു 1977ലെ പൊതുതെരഞ്ഞെടുപ്പിന്‍റെ ലക്ഷ്യമെങ്കിലും ഇന്ദിരാഗാന്ധി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജനതാ പാർട്ടി അന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മൊറാർജി ദേശായ്, ജയപ്രകാശ് നാരായൺ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ തടവിലാക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.