2016 ലെ മതപരിവർത്തന കരട് ബില്ലും ആർ.എസ്.എസ് അജണ്ടയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാർ ഏകപക്ഷീയമായി നിയമസഭയിൽ പാസാക്കിയ മതപരിവർത്തന നിരോധന ബിൽ ഉത്തർപ്രദേശിലെയും ഗുജറാത്തിലെയും നിയമത്തിെൻറ തനിപ്പകർപ്പാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
ബി.ജെ.പി ഭരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളിലെ നിയമത്തിെൻറ അതേ വാക്കുകൾ പോലും മാറ്റാതെയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ബിൽ ഉണ്ടാക്കിയത് ഒരേ ആൾക്കാർ തന്നെയായിരിക്കുമെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മതപരിവർത്തന നിരോധന ബിൽ പാസാക്കുന്ന ഒമ്പതാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, ഗുജറാത്തിൽ സംഭവിച്ചതുപോലെ ഇവിടെയും ഇത് കോടതി സ്റ്റേ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മതപരിവർത്തന നിരോധന ബിൽ 2016ലെ കോൺഗ്രസ് സർക്കാറിന്റേതാണെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്കും സിദ്ധരാമയ്യ മറുപടി നൽകി. 2009 ൽ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന് തുടർച്ചയായാണ് സംസ്ഥാന നിയമ കമീഷൻ കരട് ബില്ലുണ്ടാക്കിയതെന്നും അതിൽ തെൻറ സർക്കാറിന് ബന്ധമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അത് ആർ.എസ്.എസ് അജണ്ടയായിരുന്നു. 2016 ലെ കരട് ബില്ലും ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അജണ്ടയുടെ ഭാഗമായിരുന്നു.
കരട് ബിൽ തയാറാക്കിയെങ്കിലും അത് മന്ത്രിസഭയിൽ ചർച്ച ചെയ്യുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. കരട് ബിൽ തള്ളുകയായിരുന്നു അന്നത്തെ സർക്കാർ.
അന്നത്തെ ബില്ലും ഇപ്പോഴത്തെ ബില്ലും തമ്മിൽ ഒരു ബന്ധവുമില്ലെന്നും കോൺഗ്രസിനെ പഴിചാരി ബിൽ പാസാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.