പെട്രോൾ,ഡീസൽ വിലയിൽ നിന്ന് രക്ഷതേടി ഇലക്ട്രിക് വാഹനവുമായി ജയ്റാം രമേഷ്
text_fieldsന്യൂഡൽഹി: കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലയിൽ നിന്ന് രക്ഷ തേടി ഇലക്ട്രിക് വാഹനത്തിലേക്ക് ചുവടു മാറ്റിയതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ്. അതിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കടപ്പാടും അറിയിച്ചു. ഈ വർഷം മാർച്ചിൽ ഗഡ്കരിയുമായി നടന്ന സംവാദത്തിനൊടുവിൽ ടാറ്റ നെക്സോൺ ഇ.വി വാങ്ങി. 2035 ഓടെ ഇന്ത്യ എല്ലാ വിധത്തിലുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർമിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2021ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 1.4 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. 2035 ഓടെയോ 2045 ഓടെയോ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി എല്ലാ രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയ്റാം രമേഷ് പറഞ്ഞു.
പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ സർക്കാരിന് വല്ല മാർഗരേഖയോ പദ്ധതിയോ ഉണ്ടോയെന്നായിരുന്നു കോൺഗ്രസ് നേതാവ് ഗഡ്കരിയോട് ചോദിച്ചത്. അങ്ങനെയൊന്നില്ലെങ്കിൽ നിർമാതാക്കൾ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കാൻ 2035 അല്ലെങ്കിൽ 2040 സമയപരിധിയായി നിശ്ചയിക്കാനാവില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. ഇപ്പോൾ ഒരു കാറ് വാങ്ങണമെങ്കിൽ 15 ലക്ഷം രൂപയെങ്കിലും വേണം. പെട്രോളിന് 15000 രൂപയും മാറ്റി വെക്കണം.
എന്നാൽ ടാറ്റ നെക്സോൺ ഇ.വിക്ക് 2000 രൂപ മതി. മാത്രമല്ല, ശബ്ദവുമില്ല, മലിനീകരണവുമില്ല. ഇലക്ട്രിക് വാഹനങ്ങൾ സാമ്പത്തിക ലാഭത്തിനൊപ്പം മലിനീകരണവും കുറക്കുന്നു എന്നതിനാൽ ഉപഭോക്താക്കൾക്ക് ധൈര്യമായി തെരഞ്ഞെടുക്കാമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
ഡീസൽ,പെട്രോൾ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിന് താൻ അത്രത്തോളം പ്രതിജ്ഞാബദ്ധനല്ലെന്നും മാധ്യമങ്ങൾ വൈരുധ്യാത്മക നിലപാട് സ്വീകരിക്കുന്നത് പ്രശ്നം സൃഷ്ടിക്കുമെന്നും ഗഡ്കരി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.