മുഖസ്തുതിക്കും പരിധി വേണം, ഉപ്പുമാത്രം കഴിച്ച് ജീവിക്കേണ്ടി വരുമ്പോൾ വിവരം അറിയും -രാഷ്ട്രപതിക്കെതിരെ കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു മുഖസ്തുതിക്കാരിയാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. പരാമർശത്തിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തി.
'ദ്രൗപദി മുർമുവിനെപ്പോലെ രാഷ്ട്രപതിയെ ഒരു രാജ്യത്തിനും കിട്ടില്ല. മുഖസ്തുതിക്കും ഒരു പരിധി വേണം. 70 ശതമാനം ആളുകളും കഴിക്കുന്നത് ഗുജറാത്തിലെ ഉപ്പാണെന്ന് അവർ പറയുന്നു. ഉപ്പ് മാത്രം കഴിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ വിവരം അറിയും' -ഉദിത് രാജ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
മറുപടിയുമായി ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാല രംഗത്തെത്തി. ആദ്യ വനിതാ ആദിവാസി പ്രസിഡന്റിനെ അപമാനിച്ചുകൊണ്ടുള്ള പരാമർശമാണ് ഉദിത് രാജ് നടത്തിയതെന്നും കോൺഗ്രസിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സമാജത്തെ അപമാനിക്കുന്നത് കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ച ഗാന്ധിനഗറിൽ ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പൗരസ്വീകരണത്തിൽ രാഷ്ട്രപതിയുടെതായി നൽകിയ കുറിപ്പിൽ രാജ്യത്തെ ഉപ്പിന്റെ 76 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഗുജറാത്താണെന്നും എല്ലാ ഇന്ത്യക്കാരും കഴിക്കുന്നത് ഗുജറാത്തിലെ ഉപ്പാണെന്നും മുർമു പറഞ്ഞിരുന്നു. അതിന് ദിവസങ്ങൾക്ക് ശേഷമാണ് ഉദിത് രാജിന്റെ പരാമർശം.
ധനമന്ത്രി നിർമല സീതാരാമൻ, വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി എം.പിമാർ രാഷ്ട്രപതിയെക്കുറിച്ചുള്ള പരാമർശത്തിന് കോൺഗ്രസ് നേതാവും പാർട്ടിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. വലിയ വിമർശനം നേരിട്ടതോടെ, ചൗധരി പ്രസിഡന്റ് മുർമുവിനോട് ക്ഷമാപണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.