വാക്പയറ്റ് മുറുക്കി കോൺഗ്രസ് നേതാക്കൾ
text_fieldsന്യൂഡൽഹി: ബിഹാറിലും ഉപതെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലും കോൺഗ്രസിനേറ്റ പരാജയത്തിനു പിന്നാലെ മുതിർന്ന നേതാക്കളുടെ വാക്പയറ്റ് കനക്കുന്നു.
അഭിപ്രായം പറയാൻ പാർട്ടിയിൽ വേദിയില്ലെന്ന വിശദീകരണത്തോടെ പത്രത്തിന് അഭിമുഖം നൽകിയ കപിൽ സിബലിനെതിരെ ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻമന്ത്രി സൽമാൻ ഖുർശിദ് എന്നിവർ ആഞ്ഞടിച്ചു. അതേസമയം, മുൻമന്ത്രി പി. ചിദംബരം സിബലിെൻറ വാദഗതി പിന്താങ്ങി.
പറ്റിയ പാർട്ടിയിലല്ല നിൽക്കുന്നതെന്ന് തോന്നുന്നവർക്ക് കോൺഗ്രസ് വിട്ടു പോകാനും സ്വന്തം ഇഷ്ടപ്രകാരം കൂടുതൽ പുരോഗമനാശയമുള്ള പാർട്ടി രൂപവത്കരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് അധീർ രഞ്ജൻ ചൗധരി തുറന്നടിച്ചു. വെറുതെ പാർട്ടിയെ കുഴപ്പത്തിലാക്കരുത്. ബിഹാർ തെരഞ്ഞെടുപ്പിെൻറ സമയത്ത് ഈ നേതാക്കൾ എവിടെയായിരുന്നുവെന്ന് അധീർ രഞ്ജൻ ചോദിച്ചു.
അതേസമയം, ബിഹാറിനെക്കാൾ ഗൗരവത്തോടെ കാണേണ്ടതാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളെന്ന് പി. ചിദംബരം അഭിപ്രായപ്പെട്ടു. താഴെത്തട്ടിൽ കോൺഗ്രസിന് സംഘടനാ സാന്നിധ്യമില്ലെന്നാണ് ബിഹാറും ഉപതെരഞ്ഞെടുപ്പു ഫലങ്ങളും കാണിക്കുന്നത്. ബിഹാറിൽ ചെറുപാർട്ടികളായ സി.പി.ഐ-എം.എൽ, എ.ഐ.എം.ഐ.എം എന്നിവ നല്ല പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ചു. സംഘടന ശക്തവും താഴെത്തട്ടിൽ പ്രവർത്തനവുമുണ്ടെങ്കിൽ അതു സാധിക്കുമെന്നാണ് അവർ കാണിച്ചത്.
കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന പാർട്ടിയോ, പാർട്ടിക്ക് നേതൃശൂന്യതയോ ഇല്ലെന്ന് സൽമാൻ ഖുർശിദ് പറഞ്ഞു. നേതാവോ, കണ്ടെടുക്കാൻ പറ്റിയെ നേതാക്കളോ ഇല്ലെങ്കിൽ മാത്രമാണ് നേതൃത്വ പ്രതിസന്ധി ഉണ്ടാകുന്നത്. അതിവേഗം ശിഥിലമാവുന്ന പാർട്ടിയൊന്നുമല്ല കോൺഗ്രസ്. പദവികളുടെ ലേബൽ ഇല്ലെങ്കിലും സോണിയയും രാഹുലും നയിക്കുമെന്ന് വിശ്വാസമില്ലെങ്കിൽ അത്തരക്കാരെ തൃപ്തിപ്പെടുത്താൻ വിഷമമാണ്.
അഭിപ്രായം പറയേണ്ടത് പാർട്ടി വേദിയിലാണ്. അതു സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും വിഷയമാകാതിരിക്കണം. തെൻറ കാഴ്ചപ്പാട് മാത്രം ജയിക്കണമെന്ന പിടിവാശി പാടില്ല -സൽമാൻ ഖുർശിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.