‘ബംഗ്ലാദേശ് സമാധാനത്തിലേക്ക് മടങ്ങേണ്ടത് കാലത്തിന്‍റെ അനിവാര്യത’; മുഹമ്മദ് യൂനുസിന് ആശംസയുമായി ഖാർഗെയും രാഹുലും
text_fieldsന്യൂഡൽഹി: ബംഗ്ലാദേശിൽ ഇടക്കാല മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന് ആശംസ നേർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. ബംഗ്ലാദേശ് സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ തിരിച്ചുവരുമെന്ന് ഖാർഗെ പ്രത്യാശ പ്രകടിപ്പിച്ചു.
'ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്‍റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത പ്രഫ. മുഹമ്മദ് യൂനുസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പേരിൽ ആശംസകൾ നേരുന്നു. ഇന്ത്യക്കാരായ ഞങ്ങൾ ചരിത്രപരമായ ബന്ധം പങ്കിടുന്ന അയൽ രാജ്യമായ ബംഗ്ലാദേശ് സാധാരണനിലയിലും സമാധാനത്തിലും തിരിച്ചെത്തുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ബംഗ്ലാദേശിലെ മുഴുവൻ ജനങ്ങളുടെയും സുരക്ഷക്കായി ഞങ്ങൾ പ്രാർഥിക്കുന്നു' -ഖാർഗെ എക്സിൽ കുറിച്ചു.
ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്‍റെ തലവനായി സത്യപ്രതിജ്ഞ ചെയ്ത പ്രഫ. മുഹമ്മദ് യൂനുസിന് ആശംസകൾ. സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ മടങ്ങിയെത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
മൈക്രോഫിനാൻസിലെയും സാമൂഹിക സംരംഭകത്വത്തിലെയും ഇതിഹാസമാണ് യൂനുസ് എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി (മാധ്യമ വിഭാഗം) ജയ്റാം രമേശ് പ്രശംസിച്ചു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. 2011-2014 കാലയളവിൽ ഞാനും ഗ്രാമവികസന മന്ത്രാലയത്തിലെ സഹപ്രവർത്തകരും വനിതാ സ്വയംസഹായ സംഘങ്ങളെ അടിസ്ഥാനമാക്കിയുള്ള ദേശീയ ഗ്രാമീണ ഉപജീവന ദൗത്യമായ 'ആജീവിക'ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ ഗ്രാമീൺ ബാങ്ക് സംരംഭങ്ങളെ കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.
യൂനുസിന്‍റെ പ്രവർത്തനങ്ങളോട് ഡോ. മൻമോഹൻ സിങ് താൽപര്യം കാണിച്ചിരുന്നു. ധാക്കയിലെ പുതിയ പദവിയിൽ അദ്ദേഹത്തിന് ഇന്ത്യ എല്ലാവിധ ആശംസകളും നേരുന്നു. ലോകത്തിന് അദ്ദേഹത്തിൽ വലിയ പ്രതീക്ഷകളുണ്ട്. എല്ലാറ്റിനും ഉപരിയായി ബംഗ്ലാദേശിന്‍റെ അതിശയകരമായ സാംസ്കാരിക വൈവിധ്യവും സാമ്പത്തിക ശക്തിയും സംരക്ഷിക്കപ്പെടുകയും കൂടുതൽ വളരാൻ അനുവദിക്കുകയും ചെയ്യുമെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിടുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇടക്കാല മന്ത്രിസഭ നിലവിൽവന്നത്.
പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകനെന്ന പദവിയായിരിക്കും മുഹമ്മദ് യൂനുസ് വഹിക്കുക. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭയെന്ന ആവശ്യം വിദ്യാർഥി നേതാക്കൾ രാഷ്ട്രപതി മുഹമ്മദ് ശഹാബുദ്ദീൻ മുമ്പാകെ വെക്കുകയും അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. സൈനിക മേധാവി വാഖിറുസ്സമാന്റെ പിന്തുണയും തീരുമാനത്തിനുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ് നഹിദ് ഇസ്‌ലാമും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.