ഗാസിയാബാദ് സംഭവം: ട്വീറ്റുകളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്; ട്വിറ്ററും പ്രതി
text_fieldsന്യൂഡൽഹി: ഗാസിയാബാദിൽ മുസ്ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളിൽ ഒമ്പത് പേർക്കെതിരെ കേസെടുത്ത് യു.പി പൊലീസ്. രണ്ട് കോൺഗ്രസ് നേതാക്കളും കേസിൽ പ്രതികളാണ്. ട്വിറ്ററിനേയും പ്രതിചേർത്തിട്ടുണ്ട്. സംഭവത്തിന് മനപ്പൂർവം സാമുദായിക മുഖം നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.
ദ വയർ, റാണ അയ്യൂബ്, മുഹമ്മദ് സുബൈർ, ഡോ.ഷമ മുഹമ്മദ്, സാബ നഖ്വി, മസ്കൂർ ഉസ്മാനി, സൽമാൻ നിസാമി എന്നിവർ വസ്തുതകൾ പരിശോധിക്കാതെ സംഭവത്തിന് വർഗീയ മുഖം നൽകിയെന്നാണ് യു.പി പൊലീസ് ആരോപണം. വൈകാതെ ട്വിറ്ററിലൂടെ സമുാദയങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണവും ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. വയോധികനെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത് തടയാത്തതിനാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുത്തിരിക്കുന്നവരിൽ അയൂബും നഖ്വിയും മുതിർന്ന മാധ്യമപ്രവർത്തകരാണ്. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസിലെ ലേഖകനാണ് സുബൈർ. ഷമ മുഹമ്മദും നിസാമിയും കോൺഗ്രസ് നേതാക്കളാണ്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി യൂണിയൻ പ്രസിഡൻറാണ് ഉസ്മാനി.
നേരത്തെ ആക്രമണത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ശ്രീരാമെൻറ യഥാർഥ ഭക്തൻമാർ ഇത് ചെയ്യില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇതിന് പിന്നാലെ രാഹുൽ നുണകളിലൂടെ വിഷം പടർത്തുകയാണെന്ന് ആരോപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.